എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, June 25, 2007

ബാച്ചികള്‍ അടുക്കളയില്‍ -3 : ഓം‌ലെറ്റ് പപ്പടം

വക്കാരി പോലും പറഞ്ഞു മോര്കറിയും പാവക്കയും നല്ല കോമ്പിനേഷനാണെന്ന്. അംബിയാണെങ്കി തടി കുറയ്ക്കാന്‍ വെജ് ആയിരിക്കുന്നു. പക്ഷേ ഇടക്ക് നോണ്‍ കഴിക്കാനൊരു ഉള്‍‌വിളി തോന്നിയാലോ ആര്‍ക്കെങ്കിലും?
-മീനും മട്ടനുമൊന്നും കൈയിലൊതുങ്ങില്ല, കുക്കാന്‍ എത്ര നേരാ വേണ്ടേ? എന്നാല്‍ മുട്ടയായാലോ?

ശരി, ആവാലോ:

സ്റ്റൌ കത്തിച്ച് മീതെ ഫ്രൈയിംഗ് പാ‍ന്‍ വയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ (ബട്ടറാണെങ്കില്‍ നല്ലത്) ഒഴിക്കുക. മുട്ട, ഒന്നോ രണ്ടോ, പൊട്ടിച്ചൊഴിക്കുക. നല്ല വണ്ണം പരത്തുക.

മീതെ ഉപ്പും കുരുമുളക് പൊടിയും ആവശ്യം പോലെ വിതറുക. ഒരു വശം നല്ലവണ്ണം മൊരിയുമ്പോള്‍ മറിച്ചിട്ട് മറുവശവും മൊരിയിക്കുക.

-പപ്പടം പോലത്തെ ഓം‌ലെറ്റ് റെഡി!

Monday, June 18, 2007

ബാച്ചികള്‍ അടുക്കളയില്‍ -2 : പാവയ്ക്ക ഉപ്പേരി

വീട്ടില്‍ കയറിയയുടനെ പാവയ്ക്ക കൈയിലെടുക്കുക. കനം കുറച്ച് വട്ടത്തിലരിയുക. അല്പം മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത്, അരിഞ്ഞ കഷണഞ്ഞളില്‍ പുരട്ടി വയ്ക്കുക.

ഇനി യൂണിഫോം മാറി ഫ്രഷ് ആയി അടുക്കളയിലേക്ക് വീണ്ടും:

സ്റ്റൌവ് കത്തിച്ച് ഫ്രൈയിംഗ് പാനില്‍ ഒരു ടേ സ്പൂണ്‍ എണ്ണയെടുക്കുക. അഞ്ചാറ് ചുവന്നുള്ളിയും രണ്ട് വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക. മൂത്ത് വരുമ്പോള്‍ പാവയ്ക്ക ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റ് മൂടി വയ്ച്ച് വേവിക്കുക. ഇളക്കി ഒരു മിനിറ്റ് കൂടി പാകം ചെയ്താല്‍ പാവയ്ക്ക മെഴുക്കുവരട്ടി (ഉപ്പേരിയെന്നും പറയും ചിലര്‍) റെഡി!

കുറിപ്പുകള്‍:

-പാവയ്ക്ക അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്.
-കയ്പ് അധികം ഇഷ്ടമില്ലെങ്കില്‍, മസാ‍ല പുരട്ടും മുന്‍പ്, അല്പം ചെറുനാരങ്ങ നീര്‍ കഷണങ്ങളില്‍ പുരട്ടിയാല്‍ മതി.
- വേണമെങ്കില്‍ വേപ്പില ചേര്‍ക്കാം, ഒരു പച്ചമുളകരിഞ്ഞതും.

ഇനി, കരുകരുപ്പായി തിന്നണമെങ്കില്‍, ഫ്രൈയിംഗ് പാനില്‍ അധികം എണ്ണ ഒഴിച്ച് മറ്റു ചേരുവകള്‍ ചേര്‍ക്കാതെ വറുത്തെടുക്കുക.

Saturday, June 16, 2007

ബാച്ചികള്‍ അടുക്കളയില്‍ -1: മോര് കറി

ഫ്രിഡ്ജ് തുറന്നു നോക്കുക.
തൈരുണ്ടോ- ഉണ്ട്.
ഉള്ളി, തക്കാളി, പച്ചമുളക്- കാണാതിരിക്കില്ല.

ചട്ടി (അതന്നെ മതി) സ്റ്റൌവിന്മേല്‍ കേറ്റുക. കത്തിക്കുക. ഇത്തിരി ഓയില്‍ (ബട്ടര്‍, നെയ്യ്, വെളിച്ചെണ്ണ) ഒഴിക്കുക. ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ കടുകിടുക. പൊട്ടിത്തീരുമ്പോഴേക്കും ഒരു സവാളയും രണ്ട് പച്ചമുളകും അരിയുക, ചേര്‍ക്കുക. കൈയെത്തും ദൂരത്ത് വെളുത്തുള്ളിയുണ്ടെങ്കില്‍ ഒരെണ്ണം ചതച്ചിടാം.

ഇളക്കുക. അല്പം (ബാച്ചികള്‍ അളവുകള്‍ക്കതീതരാണല്ലോ) മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. തുമ്മാന്‍ വരുമ്പോള്‍ മൂക്ക് പൊത്ത്ത്തീപ്പിടിച്ച്, ഇച്ചിരി ഉലുവപ്പൊടി, കായപ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത് ഒരു തക്കാളി കുരുകുരാ അരിഞതും കൂട്ടി നന്നായി മൂപ്പിക്കുക. കറിവേപ്പിലയുണ്ടെങ്കില്‍ കുറച്ചെടുത്ത് കണ്ണടച്ച് ജപിച്ചിടുക.

ഒരു കപ്പ് തൈര് ഉടച്ച് ചേര്‍ത്ത്, ഇളക്കി, തീയണച്ച് ഊണുമേശക്കരികിലെക്കെടുക്കുക. ചോറ് കൂട്ടി തീരും വരെ (ചോറും കറിയും) തട്ടുക.

കുറിപ്പുകള്‍:

-സവാളയില്ലേല്‍ ചെറിയ ഉള്ളി.
-തക്കാളിയെല്ലെങ്കില്‍ ചേര്‍ക്കണ്ടാ, കറിയില്ലാതെ പറ്റില്ലല്ലോ?
-സമയവും ക്ഷമയുമുണ്ടെങ്കില്‍ ചേന, പച്ചക്കായ, ഇളവന്‍ ഇതിലേതെങ്കിലും മുറിച്ച് അല്പം വെള്ളത്തില്‍ മഞ്ഞളും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് ചേര്‍ത്താല്‍ കറി ഉഗ്രന്‍, ഉഗ്രോഗ്രന്‍! (ഇപ്പണി തലേന്ന് ചെയ്ത് വയ്ക്കാലോ?)

-അഞ്ചേ അഞ്ച് മിനിറ്റ്!