എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, July 15, 2007

വെജി-മിക്സ് ലേയര്‍ സലാഡ്

ആവശ്യമായ സാധനങ്ങള്‍:

പൊട്ടാറ്റോ - 3
കാരറ്റ് - 3
ബീറ്റ് റൂട്ട് - 3

ആപ്പിള്‍ - 2
മിക്സ് നട്ട്‌സ് - 200 ഗ്രാം

മയോണൈസ് - 1 കപ്പ്
ഗ്രേറ്റഡ് ചീസ് - 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം പൊട്ടാറ്റോ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങിയെടുക്കുക.
പൊട്ടാറ്റോ പൊടിക്കുകയും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ഗ്രേറ്റ് ചെയ്യുകയും ആപ്പിള്‍ ഫ്ലേക്സ് ആയി ചീകിയെടുക്കുകയും ചെയ്യുക.

നട്ട്‌സ് എല്ലാം കൂടി അല്പം ബട്ടറില്‍ ചൂടാക്കി ക്രഷ് ചെയ്ത് വയ്ക്കുക.

നല്ല ഒരു സലാഡ് ബൌളില്‍, പൊടിച്ച പൊട്ടാറ്റോയുടെ പകുതി ഇടുക. മീതെ ഗ്രേറ്റ് ചെയ്ത കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ലെയറായി ചേര്‍ക്കുക. അര കപ്പ് മയോണൈസ് മീതെ പരത്തുക. അതിന് മീതെ ചീകിയ ആപ്പിള്‍, ക്രഷ് ചെയ്ത നട്ട്‌സിന്റെ പകുതി, ബാക്കി പൊട്ടാറ്റോ, ബാക്കി മയോണൈസ് എന്നിവയും ചേര്‍ക്കുക.

ഗ്രേറ്റഡ് ചീസും ബാക്കി വന്ന നട്ട്‌സും മീതെ വിതറി ഉടനെ സെര്‍വ് ചെയ്യുക.


(കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങടെ മരുമോള്‍ മറീന രാജേഷ് സലാഡ് ഉണ്ടാക്കിയപ്പോല്‍ ഒപ്പം നിന്ന് ഗ്രഹിച്ച് കോപ്പിയടിച്ചിടുന്നത്)

Tuesday, July 3, 2007

ബാച്ചികള്‍ അടുക്കളയില്‍ -4 : ബാച്ചി സലാഡ്

തപ്പുമ്പോള്‍ കൈയില്‍ തടയേണ്ട സാധനങ്ങള്‍:

സബോള - 1
തക്കാളി - 1
ക്യാബേജ്‌ - 1 കഷണം
കാരറ്റ്‌ - 2 എണ്ണം
കുക്കുംബര്‍ - 2 എണ്ണം

പ്രയോഗിക്കേണ്ട വിധം:

കഷണങ്ങള്‍ മുഴുവന്‍ തോന്നിയപോലെ ചെറുതായി വെട്ടിനുറുക്കുക.ഇത്തിരി ഉപ്പും കുരുമുളക്‌ പൊടിയും മീതെ തൂവുക. (അധികം എരിവ്‌ വേണ്ടവര്‍ ഒരു പച്ചമുളക്‌ കുരുകുരാ അരിഞ്ഞിടുക). ചെറുനാരങ്ങായുടെ പകുതിയെടുത്ത്‌ കുരു കളഞ്ഞ്‌ പിഴിഞ്ഞൊഴിക്കുക. കൈകൊണ്ട്‌ എല്ലാം കൂടി യോജിപ്പിക്കുക.(ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കില്‍,പാത്രത്തില്‍ നിന്നും പുറത്ത്‌ പോകാത്ത വിധത്തില്‍ 'ടോസ്സ്‌' ചെയ്യാം).

ഇനി, ദിവസവും ഉപയോഗിക്കുമ്പോള്‍ മടുപ്പ്‌ തോന്നാതിരിക്കാന്‍, അവനവന്റെ ഇഷ്ടം പോലെ ഈ സലാഡ്‌ മോഡിഫൈ ചെയ്തുപയോഗിക്കാം.

1)കൂടുതല്‍ ഗ്രീന്‍ ലീവ്സ്‍, വെജിറ്റബിള്‍, തൈര്‍, സീഡ്‌ലസ് ഒലീവ്സ്, പിക്കില്‍ഡ് കുക്കുംബര്‍, ചില്ലീസ് ഇത്യാദികള്‍ ചേര്‍ത്ത്‌.

2)ആപ്പിള്‍, മാമ്പഴം,ഓറഞ്ച്‌, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞ്‌ ചേര്‍ത്ത്‌.

3)കോഴി, ആട്‌, ബീഫ് മാംസങ്ങള്‍ (കറി വച്ച കഷണങ്ങള്‍ ആയാലും മതി) എല്ലില്ലാതെ അരിഞ്ഞിട്ട്‌.
(കൂടെ മയൊണൈസ്‌ ചേര്‍ക്കാന്‍ മറക്കാതിരിക്കുക).

4)ടിന്നില്‍ കിട്ടുന്ന സല്‍മന്‍ ഫിഷ്‌, കുക്ക്ഡ് ചിക്കന്‍, ബീഫ്‌ എന്നിവ അരിഞ്ഞ്, മയോണൈസ് ചേര്‍ത്ത്.

5)പയര്‍, നിലക്കടല, ഫ്രോസന്‍ വെജിറ്റബിള്‍ ഇവയിലേതെങ്കിലും അല്പം ഉപ്പിട്ട് പുഴുങ്ങിച്ചേര്‍ത്ത്.(മുളപ്പിച്ച പയര്‍ ഫ്രഷ് ആയി ചേര്‍ക്കാം)