എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Wednesday, October 17, 2012

അമ്മ വറുത്ത മീന്‍



മുന്‍‌കുറിപ്പ്:കോഴിക്കോട് പോകുമ്പോഴെല്ലാം സാഹിത്യകാരനും കൂട്ടുകാരനും ‘അമ്മ’യുടെ മീന്‍ വറുത്തതിനെപ്പറ്റി പറഞ്ഞ് കൊതിപിടിപ്പിക്കാറുണ്ട്. അത് കൊണ്ട് കഴിഞ്ഞ സന്ദര്‍ശനം ഉച്ചയൂണിന് മുന്‍പ് തന്നെയാക്കി.  ചെറിയ ഒരു ചായക്കട കം ഹോട്ടലാണ് ‘അമ്മ”. അതും നഗരഹൃദയത്തില്‍ നിന്ന് അല്പം അകലെ. 12 മണി മുതല്‍ ഉത്സവ തിരക്കാണവിടെ. വല്യ വല്യ ആള്‍ക്കാരൊക്കെ കാറുകളില്‍ വന്ന് ഊണിന്നൂഴം കാത്ത് പുറത്ത് നില്‍ക്കുന്നു.  മീന്‍ വറുത്തത്: അതാണ് പ്രധാന വിഭവം. (അത് മാത്രം മതിയത്രേ ഉച്ചയൂണിന്)ഭക്ഷണം കഴിഞ്ഞ് തിരിച്ച് നടക്കുമ്പോല്‍ സാഹിത്യകാരന്‍ വെല്ലുവിളീച്ചു: ഇത് പോലെ മീന്‍ വറുത്ത് തന്നാല്‍ സമ്മതിക്കാം ശശ്യേട്ടന്‍ വല്യ കുക്കാണെന്ന്. എന്നാല്‍ ഉണ്ടാക്കി തീറ്റിയിട്ട് തന്നെ കാര്യം എന്ന് ഞാനും ഉറച്ചു. പിന്നീട് പലവട്ടം ഇക്കാര്യം  ഓര്‍ത്തെങ്കിലും പരീക്ഷിക്കാന്‍ തോന്നിയത് ഈ വെള്ളിയാഴചയാണ്.  ഏകദേശം വിജയിച്ചു എന്ന് തോന്നിയതിനാല്‍ സാഹിത്യകാരനെ ദുബായ് വിസിറ്റിന് ക്ഷണിച്ചിരിക്കയാണ്.

മുന്‍‌കരുതല്‍:

മീന്‍ : ഒരു കിലോ (അല്പം മുഴുത്ത കഷണങ്ങളാക്കിയത്. (അയ്ക്കൂറ (Kingfish) ആണ് ഞാനുപയോഗിച്ചത്)
കാശ്മീരി ചില്ലി പൌഡര്‍ : രണ്ട് ടേ. സ്പൂണ്‍
മഞ്ഞള്‍ പൊടി: ഒരു ടീ സ്പൂണ്‍
മല്ലി പൊടി: ഒരു ടേ. സ്പൂണ്‍
ഗരം മസാല : അര ടീ സ്പൂണ്‍
ജീരകപ്പൊടി: അര ടീ സ്പൂണ്‍
പച്ച മുളക് : രണ്ടെണ്ണം (കുരുകുരാ അരിഞ്ഞത്)
ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് : ഒരു ടേ. സ്പൂണ്‍
പുളി : ചെറുനാരങ്ങാ വലുപ്പത്തില്‍ (ചുടുവെള്ളത്തില്‍ പിഴിഞ്ഞെടുത്തത്)
ഉപ്പ് ; ആവശ്യത്തിന്
കറിവേപ്പില : രണ്ട് തണ്ട്
തേങ്ങാ ചിരവിയത്: ഒരെണ്ണം 
വെളിച്ചെണ്ണ : ഒരു കപ്പ്

വിധി:

(മീന്‍ കൈയില്‍ കിട്ടിയപാടെ അല്പം ചെറുനാരങ്ങാ നീരും ഉപ്പും മഞ്ഞളും കൂടി പുരട്ടി  വച്ച ശേഷമേ ചേരുവകളെപ്പറ്റിപ്പോലും ചിന്തിക്കാറുള്ളു. പാചകം അല്പം താമസിച്ചാലും മീന്‍ അഴുകാതിരിക്കും, മസാല നന്നായി പിടിക്കുകയും ചെയ്യും.  ‘ഹൈ സ്പീഡു‘കാരായതിനാലാകും നാരീജനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല)

തേങ്ങാ ചിരവിയതടക്കമുള്ള ചേരുവകള്‍ പുളിവെള്ളത്തില്‍ കൈകൊണ്ട് നന്നായി യോജിപ്പിച്ച് മീന്‍ കഷണങ്ങളില്‍ ‘ലാവിഷ്‘ ആയി തേച്ച് പിടിപ്പിക്കുക. ബാക്കിവരുന്ന മസാല മാറ്റി വയ്ക്കുക. 

പിന്നെ അര മണിക്കൂര്‍ അങ്ങോട്ട് നോക്കയേ വേണ്ട.

നോണ്‍ സ്റ്റിക് തവയില്‍ വെളിച്ചെണ്ണയൊഴിച്ച് മീഡിയം തീയില്‍ വേവിക്കുക. പകുതിവേകുമ്പോള്‍ മറിച്ചിട്ട്, ബാക്കി മസാല കൂടി ചേര്‍ത്ത്  കരിയാതെ പൊരിച്ചെടുക്കണം.

-ടേയ്സ്റ്റ് ച്വെയ്ത് നോക്കൂ: ശരിയായിട്ടുണ്ടോ?

പിന്‍‌കുറിപ്പ്: 

‘അമ്മ’ക്കാര്‍ ഫ്രഷ് മസാല അമ്മിയില്‍ വച്ച് അരച്ചെടുക്കുന്നതിനാല്‍ തീര്‍ച്ചയായും സ്വാദ് വ്യത്യാസം കാണും. നമുക്ക് മസാലപ്പൊടിയല്ലേ വിധിച്ചിട്ടുള്ളൂ?
(“അമ്മ“യുടെ ഉടമയോട്: ഈ സാഹസത്തിന്, പ്ലീസ്.... മാപ്പാക്കണേ..)