എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Tuesday, July 22, 2008

ചിക്കന്‍ മിലാനോ

ചിക്കന്‍ മിലാനോ ഉണ്ടാക്കാന്‍ ചിക്കന്‍ ബ്രെസ്റ്റ്‌ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്‌. ( എല്ലാ കഷണങ്ങളും ഒരേ വലുപ്പത്തില്‍ ലഭിക്കും. 900 ഗ്രാമിന്റെ പാക്ക്‌ ലഭ്യമാണു)


തൊലി കളഞ്ഞ്‌, വൃത്തിയാക്കി കുരുമുളക്‌ പൊടിയും ഉപ്പും ചെറുനാരങ്ങാ നീരും പുരട്ടി അര മണിക്കൂര്‍ (കൂടുതല്‍ സമയം വച്ചാല്‍‍ നല്ലത്‌) വയ്ക്കുക. എന്നിട്ട്‌ ഒരു തുടം ഒലീവ്‌ ഓയിലില്‍ പകുതി വേവും വരെ തിരിച്ചും മറിച്ചുമിട്ട്‌ വേവിക്കുക.


500 ഗ്രാം കൂണ്‍ (മഷ്‌റൂം) കൈകൊണ്ട്‌ പൊട്ടിച്ച്‌ മീഡിയം കഷണങ്ങളാക്കുക. അതില്‍ ഒരു വലിയ കപ്പ്‌ കാപ്സിക്കം, കൂണ്‍ കഷണങ്ങളുടെ അതേ വലിപ്പത്തില്‍, മുറിച്ച്‌ കലര്‍ത്തി, തവയില്‍ ബാക്കി വന്ന ഒലീവ്‌ ഓയിലില്‍ 5 മിനിറ്റ്‌ വറുത്തെടുക്കുക. ( കൂണില്‍ നിന്നും കാപ്സിക്കത്തില്‍ നിന്നും ജലാംശം കൂടുതല്‍ വന്നാല്‍, അല്പം തീ കൂട്ടി വയ്ക്കൂ, പെട്ടെന്ന് വറ്റിക്കിട്ടും). ഇതില്‍ ആവശ്യം പോലെ കുരുമുളക്‌ പൊടിയും ഉപ്പും ചേര്‍ക്കാം.ഒരു ബേക്കിംഗ്‌ പാനില്‍ ഒലീവ്‌ ഓയില്‍ പുരട്ടി, ചിക്കന്‍, മഷ്രൂം, കാപ്സിക്കം ഇവ ഇടകലര്‍ത്തിയിടുക. ഒരു തക്കാളി (ചൂട്‌ വെള്ളത്തിലിട്ട്‌ തൊലി കളഞ്ഞത്‌- blanched) അരച്ചതും അര കപ്പ്‌ ടൊമാറ്റോ പേസ്റ്റും ചേര്‍ക്കുക.ഇനി പ്രധാന മസാല ചേര്‍ക്കാം: ഒരു ടീ സ്പൂണ്‍ ഇറ്റാലിയന്‍ മസാല (ഈ പേരില്‍ തന്നെ വാങ്ങാന്‍ കിട്ടും, ഇല്ലെങ്കില്‍ പിസ്സാ മസാലയും ഉപയോഗിക്കാം) മീതെ വിതറുക. അരിഞ്ഞ പാര്‍സ്‌ലി (parsley)ലീവ്‌സും 100 ഗ്രാം ചീസ്‌ (grated cheese) ചീകിയതും വിതറി അര മണിക്കൂര്‍ നേരം ഇലക്ട്രിക്ക്‌ അവനില്‍ ബേക്‌ ചെയ്തെടുക്കുക.

ചിക്കന്‍ മിലാനോ തയ്യാര്‍!


കുറിപ്പ്‌:

-പല കളറുകളിലുള്ള കാപ്സിക്കം ഉപയോഗിച്ചാല്‍ കാണാന്‍ ഭംഗിയായിരിക്കും.
-ഗ്രേറ്റ്‌ ചെയ്ത മൊസാറെല്ലാ ചീസ്‌ പാക്കറ്റുകളില്‍ ലഭ്യം.

Monday, June 23, 2008

ആരോഗ്യ സലാഡ്

അച്ചിയും പിള്ളേരും പരീക്ഷയും പരവേശവുമൊക്കെ അട്ടത്തിറക്കി വച്ച്, ആശവിലയ്ക്ക് അരുംകൊല എയര്‍വേയ്സിന്റെ ടിക്കറ്റും വാങ്ങി നാട് പറ്റിക്കഴിഞ്ഞു. പാവം ഭര്‍ത്താക്കന്മാ‍ര്‍ വീണ്ടും ബാച്ചികളായി മാറി, കത്തുന്ന വയറുകളും ഒഴിയുന്ന മടിശ്ശീലകളുമായി, മസാലകളുടേയും പാട്ടനെയ്യിന്റേയും അതിപ്രസരമുള്ള ഹോട്ടലുകളുടെ മുന്നില്‍ ‍ അക്ഷമരായി ക്യൂ നില്‍ക്കുന്നു. (ഗള്‍ഫ്കാരെ ഉദ്ദേശിച്ചാണേ...)

അങ്ങിനെയുള്ളവര്‍ക്ക് ഒരു ഇടക്കാലാശ്വാസം:
ശരീരത്തിനും വയറിനും കാലാവസ്ഥക്കും യോജിച്ച ഒരു സലാഡ്.
(രുചി അല്പം കുറഞ്ഞാലും ആരോഗ്യം ഗാരന്റീഡ്)

ഇനി സൂത്രം:

മാതളം അല്ലെങ്കില്‍ അനാര്‍ ( Pome-gran-ate) : ഒരെണ്ണം
(തൊലി കളഞ്ഞ് അല്ലികളാക്കിയത്)

മുളപ്പിച്ച പയര്‍ (sprouted beans) 250 ഗ്രാം
(തലേന്ന് പയര്‍ വെള്ളത്തിലിടുക. കാലത്തെടുത്ത് നനഞ്ഞ ഒരു തുണിയില്‍ കെട്ടി അധികം വെട്ടമെത്താത്ത ഒരിടത്തിടുക. വൈകുന്നേരത്തേക്ക് റെഡിമണി.
അല്ലെങ്കിലെന്തിനാ ഈ പാടെല്ലാം? എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കിട്ടുമല്ലോ‍)

ഇവ രണ്ടും കലര്‍ത്തുക.

അര സ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കൂടെ ഒരു ചെറുനാരങ്ങാനീരും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക.
സ്വാദ് പോരെന്ന് തോന്നിയാല്‍ മീതെ അല്പം ഹോട്ട് സോസ് തൂവാം.

എന്താ വയറിന് അല്പം റെസ്റ്റ് കൊടുക്കുകയല്ലേ?

Sunday, March 2, 2008

ദ്രുത പാചകം : കൂണ്‍ ഫ്രൈ

കാലത്ത് മാര്‍ക്കറ്റില്‍ പോയപ്പോള്‍ നല്ല ഫ്രെഷ് കൂണ്‍ കണ്ടു.
അപ്പോ ഒരു തോന്നല്‍: ഫ്രൈ ചെയ്താലോ?

ഒരു പാക്കറ്റ് വാങ്ങി.
വെള്ളത്തില്‍ ഇട്ട്, കൈ കൊണ്ട് തന്നെ ഓരോന്നും മൂന്ന് കഷണമാക്കി, കഴുകി എടുത്തു.

പകുതി ചെറുനാരങ്ങയുടെ നീരെടുത്ത് അതില്‍ അല്പം കുരുമുളക് പൊടി, സ്വല്പം മഞ്ഞള്‍ പൊടി, ഉപ്പ്, അര സ്പൂണ്‍ തന്തൂരി പേസ്റ്റ് ഇവ യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.

പിന്നെ പാനില്‍ അല്പം ബട്ടര്‍ ഇട്ട് ഈ കഷണങ്ങള്‍ സാവധാനം ഫ്രൈ ചെയ്തെടുത്തു.

ചൂടോട് കൂടെ എല്ലാം തിന്ന് തിര്‍ത്തതിനാല്‍ ഉച്ചക്ക് ശാപ്പാടിനു വെണ്ടക്ക വെറെ ഫ്രൈ ചെയ്യേണ്ടി വന്നു.

-കൂണ്‍ മാത്രമല്ല, വേഗത്തില്‍ വേവുന്ന വെണ്ടക്ക, കൈപ്പക്ക തുടങ്ങിയ എല്ലാ പച്ചക്കറികളും ഇങ്ങനെ ഫ്രൈ ചെയ്തെടുക്കാം.

Monday, February 25, 2008

മത്തി പറ്റിച്ചത് - സ്പെഷല്‍ എഡിഷന്‍

തയ്യാറെടുപ്പ്:

മത്തി(ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാളയാണേല്‍ പഷ്ട്) - 1/2 കി.
(കടേന്ന് ക്ലീന്‍ ചെയ്ത് വാ‍ങ്ങിയാല്‍ ആ വിശാലന്‍ പെട്ട പാടൊന്നും പെടാതെ കഴിക്കാം.അല്പം ഉപ്പ് വെള്ളത്തിലിട്ട് അലമ്പിക്കഴുകിയാ മണവും കുറഞ്ഞ് കിട്ടും)

ഇഞ്ചി - തൊലി(പറ്റിപ്പിടിച്ച മണ്ണും)കളഞ്ഞ് കനം കുറച്ച് നീളത്തിലരിഞ്ഞത് - 1 ടേ സ്പൂ.

പച്ച മുളക് - അധികം എരിവ് വേണമെന്നുള്ളവര്‍ മാത്രം ഉപയോഗിക്കുക - 3 എണ്ണം-രണ്ടായി പിളര്‍ന്നത്.
(ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ച് നോക്കിയാല്‍ കാന്താരിയല്ലെന്ന് ഉറപ്പ് വരുത്തുക.)

ചുവന്നുള്ളി - (മുകളിലെ വരണ്ടുണങ്ങിയ തൊലി മാത്രം കളഞ്ഞ് ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്

വെളുത്തുള്ളി - (മുകളില്‍ പറഞ്ഞപോലെ) - 2 ടീ സ്പൂ.

കുരുമുളക് ചതച്ചത് - 1 ടീ സ്പൂ

ഉലുവപ്പൊടി - 1/4 ടീ സ്പൂ
മഞ്ഞള്‍പ്പൊടി - 1/4 ടീ സ്പൂ
മുളക് പൊടി - 1 ടീ സ്പൂ
മല്ലിപ്പൊടി - 1 ടേ സ്പൂ

ഉപ്പ് - ആവശ്യം പോലെ മാത്രം

കുടമ്പുളി (മീന്‍ പുളി) - 3 കഷണം

കറി വേപ്പില - ഒരു പിടി

വെളിച്ചെണ്ണ - രണ്ട് ടീ സ്പൂ

ഇനി ക്രിയ:

മസാലകളെല്ലാം കൂടി (പച്ച മസാലയും ഉള്ളിയും പൊടിച്ച/ചതച്ച മസാലയും) ഉപ്പും അല്പം വെളിച്ചണ്ണയും ചേര്‍ത്ത് ഞരടി പീഡിപ്പിച്ച് ഒരു പരുവത്തിലാക്കുക.

ചെറിയ ഒരു മീന്‍ ചട്ടിയുടെ അടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചുറ്റിക്കുക.(തല കറങ്ങാതെയും ചട്ടി താഴെ വീണുടയാതെയും സാവധാനത്തില്‍ വേണം ഈ കര്‍മ്മം നിര്‍വഹിക്കാന്‍) ഇതില്‍ കറിവേപ്പില തണ്ടോട് കൂടി നിക്ഷേപിക്കുക.

അതിന്‍മീതെ മത്തികളെ സ്നേഹപൂര്‍വം വരിവരിയായി അണി നിരത്തുക.(പാതി)
എന്നിട്ട് അവശനിലയിലായിട്ടും പരിഭവം കാട്ടാത്ത മസാലക്കൂട്ട് (പാതി) അതിന് മുകളില്‍ ശ്രദ്ധാപൂര്‍വം നിരത്തുക.

പിന്നെ മുകളില്‍ ബാക്കി മീന്‍, പിന്നെ ശേഷിച്ച മസാല....

മീന്‍പുളി, അരകപ്പ് വെള്ളം ഇവ കൂടി ചേര്‍ത്ത് ചട്ടി അടച്ച് വച്ച്, ആദ്യം നല്ല തീയില്‍ 5 മിനിറ്റും പിന്നെ തീ കുറച്ച് 10 മിനിറ്റും പാചകം ചെയ്തെടുക്കുക.

എന്താ ശ്രമിക്കയല്ലേ?
-വളരെ എളുപ്പമാ.....(തേങ്ങ വേണ്ട, തക്കാളി വേണ്ട, മിക്സി വേണ്ടാ, കടുക് പൊട്ടിക്കണ്ടാ....)

ഒരു ദിവസം മുന്‍പ് ഉണ്ടാക്കി വച്ച് കാത്തിരിക്കാനൊക്കുമോ ആവോ?
എങ്കില്‍ പഷ്ട്!!