എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, July 15, 2007

വെജി-മിക്സ് ലേയര്‍ സലാഡ്

ആവശ്യമായ സാധനങ്ങള്‍:

പൊട്ടാറ്റോ - 3
കാരറ്റ് - 3
ബീറ്റ് റൂട്ട് - 3

ആപ്പിള്‍ - 2
മിക്സ് നട്ട്‌സ് - 200 ഗ്രാം

മയോണൈസ് - 1 കപ്പ്
ഗ്രേറ്റഡ് ചീസ് - 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം പൊട്ടാറ്റോ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങിയെടുക്കുക.
പൊട്ടാറ്റോ പൊടിക്കുകയും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ഗ്രേറ്റ് ചെയ്യുകയും ആപ്പിള്‍ ഫ്ലേക്സ് ആയി ചീകിയെടുക്കുകയും ചെയ്യുക.

നട്ട്‌സ് എല്ലാം കൂടി അല്പം ബട്ടറില്‍ ചൂടാക്കി ക്രഷ് ചെയ്ത് വയ്ക്കുക.

നല്ല ഒരു സലാഡ് ബൌളില്‍, പൊടിച്ച പൊട്ടാറ്റോയുടെ പകുതി ഇടുക. മീതെ ഗ്രേറ്റ് ചെയ്ത കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ലെയറായി ചേര്‍ക്കുക. അര കപ്പ് മയോണൈസ് മീതെ പരത്തുക. അതിന് മീതെ ചീകിയ ആപ്പിള്‍, ക്രഷ് ചെയ്ത നട്ട്‌സിന്റെ പകുതി, ബാക്കി പൊട്ടാറ്റോ, ബാക്കി മയോണൈസ് എന്നിവയും ചേര്‍ക്കുക.

ഗ്രേറ്റഡ് ചീസും ബാക്കി വന്ന നട്ട്‌സും മീതെ വിതറി ഉടനെ സെര്‍വ് ചെയ്യുക.


(കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങടെ മരുമോള്‍ മറീന രാജേഷ് സലാഡ് ഉണ്ടാക്കിയപ്പോല്‍ ഒപ്പം നിന്ന് ഗ്രഹിച്ച് കോപ്പിയടിച്ചിടുന്നത്)

Tuesday, July 3, 2007

ബാച്ചികള്‍ അടുക്കളയില്‍ -4 : ബാച്ചി സലാഡ്

തപ്പുമ്പോള്‍ കൈയില്‍ തടയേണ്ട സാധനങ്ങള്‍:

സബോള - 1
തക്കാളി - 1
ക്യാബേജ്‌ - 1 കഷണം
കാരറ്റ്‌ - 2 എണ്ണം
കുക്കുംബര്‍ - 2 എണ്ണം

പ്രയോഗിക്കേണ്ട വിധം:

കഷണങ്ങള്‍ മുഴുവന്‍ തോന്നിയപോലെ ചെറുതായി വെട്ടിനുറുക്കുക.ഇത്തിരി ഉപ്പും കുരുമുളക്‌ പൊടിയും മീതെ തൂവുക. (അധികം എരിവ്‌ വേണ്ടവര്‍ ഒരു പച്ചമുളക്‌ കുരുകുരാ അരിഞ്ഞിടുക). ചെറുനാരങ്ങായുടെ പകുതിയെടുത്ത്‌ കുരു കളഞ്ഞ്‌ പിഴിഞ്ഞൊഴിക്കുക. കൈകൊണ്ട്‌ എല്ലാം കൂടി യോജിപ്പിക്കുക.(ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കില്‍,പാത്രത്തില്‍ നിന്നും പുറത്ത്‌ പോകാത്ത വിധത്തില്‍ 'ടോസ്സ്‌' ചെയ്യാം).

ഇനി, ദിവസവും ഉപയോഗിക്കുമ്പോള്‍ മടുപ്പ്‌ തോന്നാതിരിക്കാന്‍, അവനവന്റെ ഇഷ്ടം പോലെ ഈ സലാഡ്‌ മോഡിഫൈ ചെയ്തുപയോഗിക്കാം.

1)കൂടുതല്‍ ഗ്രീന്‍ ലീവ്സ്‍, വെജിറ്റബിള്‍, തൈര്‍, സീഡ്‌ലസ് ഒലീവ്സ്, പിക്കില്‍ഡ് കുക്കുംബര്‍, ചില്ലീസ് ഇത്യാദികള്‍ ചേര്‍ത്ത്‌.

2)ആപ്പിള്‍, മാമ്പഴം,ഓറഞ്ച്‌, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞ്‌ ചേര്‍ത്ത്‌.

3)കോഴി, ആട്‌, ബീഫ് മാംസങ്ങള്‍ (കറി വച്ച കഷണങ്ങള്‍ ആയാലും മതി) എല്ലില്ലാതെ അരിഞ്ഞിട്ട്‌.
(കൂടെ മയൊണൈസ്‌ ചേര്‍ക്കാന്‍ മറക്കാതിരിക്കുക).

4)ടിന്നില്‍ കിട്ടുന്ന സല്‍മന്‍ ഫിഷ്‌, കുക്ക്ഡ് ചിക്കന്‍, ബീഫ്‌ എന്നിവ അരിഞ്ഞ്, മയോണൈസ് ചേര്‍ത്ത്.

5)പയര്‍, നിലക്കടല, ഫ്രോസന്‍ വെജിറ്റബിള്‍ ഇവയിലേതെങ്കിലും അല്പം ഉപ്പിട്ട് പുഴുങ്ങിച്ചേര്‍ത്ത്.(മുളപ്പിച്ച പയര്‍ ഫ്രഷ് ആയി ചേര്‍ക്കാം)

Monday, June 25, 2007

ബാച്ചികള്‍ അടുക്കളയില്‍ -3 : ഓം‌ലെറ്റ് പപ്പടം

വക്കാരി പോലും പറഞ്ഞു മോര്കറിയും പാവക്കയും നല്ല കോമ്പിനേഷനാണെന്ന്. അംബിയാണെങ്കി തടി കുറയ്ക്കാന്‍ വെജ് ആയിരിക്കുന്നു. പക്ഷേ ഇടക്ക് നോണ്‍ കഴിക്കാനൊരു ഉള്‍‌വിളി തോന്നിയാലോ ആര്‍ക്കെങ്കിലും?
-മീനും മട്ടനുമൊന്നും കൈയിലൊതുങ്ങില്ല, കുക്കാന്‍ എത്ര നേരാ വേണ്ടേ? എന്നാല്‍ മുട്ടയായാലോ?

ശരി, ആവാലോ:

സ്റ്റൌ കത്തിച്ച് മീതെ ഫ്രൈയിംഗ് പാ‍ന്‍ വയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ (ബട്ടറാണെങ്കില്‍ നല്ലത്) ഒഴിക്കുക. മുട്ട, ഒന്നോ രണ്ടോ, പൊട്ടിച്ചൊഴിക്കുക. നല്ല വണ്ണം പരത്തുക.

മീതെ ഉപ്പും കുരുമുളക് പൊടിയും ആവശ്യം പോലെ വിതറുക. ഒരു വശം നല്ലവണ്ണം മൊരിയുമ്പോള്‍ മറിച്ചിട്ട് മറുവശവും മൊരിയിക്കുക.

-പപ്പടം പോലത്തെ ഓം‌ലെറ്റ് റെഡി!

Monday, June 18, 2007

ബാച്ചികള്‍ അടുക്കളയില്‍ -2 : പാവയ്ക്ക ഉപ്പേരി

വീട്ടില്‍ കയറിയയുടനെ പാവയ്ക്ക കൈയിലെടുക്കുക. കനം കുറച്ച് വട്ടത്തിലരിയുക. അല്പം മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത്, അരിഞ്ഞ കഷണഞ്ഞളില്‍ പുരട്ടി വയ്ക്കുക.

ഇനി യൂണിഫോം മാറി ഫ്രഷ് ആയി അടുക്കളയിലേക്ക് വീണ്ടും:

സ്റ്റൌവ് കത്തിച്ച് ഫ്രൈയിംഗ് പാനില്‍ ഒരു ടേ സ്പൂണ്‍ എണ്ണയെടുക്കുക. അഞ്ചാറ് ചുവന്നുള്ളിയും രണ്ട് വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക. മൂത്ത് വരുമ്പോള്‍ പാവയ്ക്ക ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റ് മൂടി വയ്ച്ച് വേവിക്കുക. ഇളക്കി ഒരു മിനിറ്റ് കൂടി പാകം ചെയ്താല്‍ പാവയ്ക്ക മെഴുക്കുവരട്ടി (ഉപ്പേരിയെന്നും പറയും ചിലര്‍) റെഡി!

കുറിപ്പുകള്‍:

-പാവയ്ക്ക അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്.
-കയ്പ് അധികം ഇഷ്ടമില്ലെങ്കില്‍, മസാ‍ല പുരട്ടും മുന്‍പ്, അല്പം ചെറുനാരങ്ങ നീര്‍ കഷണങ്ങളില്‍ പുരട്ടിയാല്‍ മതി.
- വേണമെങ്കില്‍ വേപ്പില ചേര്‍ക്കാം, ഒരു പച്ചമുളകരിഞ്ഞതും.

ഇനി, കരുകരുപ്പായി തിന്നണമെങ്കില്‍, ഫ്രൈയിംഗ് പാനില്‍ അധികം എണ്ണ ഒഴിച്ച് മറ്റു ചേരുവകള്‍ ചേര്‍ക്കാതെ വറുത്തെടുക്കുക.

Saturday, June 16, 2007

ബാച്ചികള്‍ അടുക്കളയില്‍ -1: മോര് കറി

ഫ്രിഡ്ജ് തുറന്നു നോക്കുക.
തൈരുണ്ടോ- ഉണ്ട്.
ഉള്ളി, തക്കാളി, പച്ചമുളക്- കാണാതിരിക്കില്ല.

ചട്ടി (അതന്നെ മതി) സ്റ്റൌവിന്മേല്‍ കേറ്റുക. കത്തിക്കുക. ഇത്തിരി ഓയില്‍ (ബട്ടര്‍, നെയ്യ്, വെളിച്ചെണ്ണ) ഒഴിക്കുക. ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ കടുകിടുക. പൊട്ടിത്തീരുമ്പോഴേക്കും ഒരു സവാളയും രണ്ട് പച്ചമുളകും അരിയുക, ചേര്‍ക്കുക. കൈയെത്തും ദൂരത്ത് വെളുത്തുള്ളിയുണ്ടെങ്കില്‍ ഒരെണ്ണം ചതച്ചിടാം.

ഇളക്കുക. അല്പം (ബാച്ചികള്‍ അളവുകള്‍ക്കതീതരാണല്ലോ) മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. തുമ്മാന്‍ വരുമ്പോള്‍ മൂക്ക് പൊത്ത്ത്തീപ്പിടിച്ച്, ഇച്ചിരി ഉലുവപ്പൊടി, കായപ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത് ഒരു തക്കാളി കുരുകുരാ അരിഞതും കൂട്ടി നന്നായി മൂപ്പിക്കുക. കറിവേപ്പിലയുണ്ടെങ്കില്‍ കുറച്ചെടുത്ത് കണ്ണടച്ച് ജപിച്ചിടുക.

ഒരു കപ്പ് തൈര് ഉടച്ച് ചേര്‍ത്ത്, ഇളക്കി, തീയണച്ച് ഊണുമേശക്കരികിലെക്കെടുക്കുക. ചോറ് കൂട്ടി തീരും വരെ (ചോറും കറിയും) തട്ടുക.

കുറിപ്പുകള്‍:

-സവാളയില്ലേല്‍ ചെറിയ ഉള്ളി.
-തക്കാളിയെല്ലെങ്കില്‍ ചേര്‍ക്കണ്ടാ, കറിയില്ലാതെ പറ്റില്ലല്ലോ?
-സമയവും ക്ഷമയുമുണ്ടെങ്കില്‍ ചേന, പച്ചക്കായ, ഇളവന്‍ ഇതിലേതെങ്കിലും മുറിച്ച് അല്പം വെള്ളത്തില്‍ മഞ്ഞളും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് ചേര്‍ത്താല്‍ കറി ഉഗ്രന്‍, ഉഗ്രോഗ്രന്‍! (ഇപ്പണി തലേന്ന് ചെയ്ത് വയ്ക്കാലോ?)

-അഞ്ചേ അഞ്ച് മിനിറ്റ്!

Sunday, May 13, 2007

റഷ്യന്‍ ലെയര്‍ സലാഡ്

ആവശ്യമായ സാധനങ്ങള്‍:

മുട്ട - 5 എണ്ണം
ചീസ് - 300 ഗ്രാം (പാക്കറ്റില്‍ കിട്ടുന്ന ഷ്രെഡ്ഡഡ് മൊസാറെല്ലാ ചീസ് മതി)
മയൊണൈസ് - 300 ഗ്രാം
ബട്ടര്‍ - 100 ഗ്രാം
പൊട്ടാ‍ട്ടോ - 300 ഗ്രാം
കാരറ്റ് - 300 ഗ്രാം
സാല്‍മണ്‍ ഫിഷ് - 300 ഗ്രാം (ടിന്നില്‍ കിട്ടും)
സബോള - 3 എണ്ണം
പാര്‍സ്‌ലി ലീവ്‌സ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം:

പൊട്ടാട്ടൊ, കാരറ്റ് ഇവ പുഴുങ്ങി ഷ്രെഡ്ഡ് ചെയ്യുക.
മുട്ട പുഴുങ്ങി വെള്ളയും മഞ്ഞയും വേറെയാക്കി പൊടിക്കുക.
സബോള ചെറുതായരിയുക.

ഭംഗിയുള്ള ഒരു ക്രിസ്റ്റല്‍ ബൌളില്‍ ആദ്യം മുട്ടയുടെ വെള്ള നിരത്തുക. മീതെ പൊട്ടാട്ടോ പൊടിച്ചത്, അതിന് മുകളില്‍ പകുതി സാല്‍മണ്‍ ഫിഷ് പൊടിച്ചത്, പിന്നെ പകുതി (150 ഗ്രാം) മയൊണൈസ്, മുകളില്‍ സബോള അരിഞ്ഞത്, പിന്നെ ബട്ടര്‍ ചീവിയത്, അതിനുമുകളില്‍ കാരറ്റ്, പിന്നെ ബാക്കിയുള്ള സാല്‍മണ്‍ ഫിഷ് , അടുത്ത ലെയറായി പാര്‍സ്‌ലി ലീവ്സ് അരിഞ്ഞത്, അതിനു ശേഷം ബാക്കി മയോണൈസ് എന്നിവ നിരത്തി ഏറ്റവും മുകളില്‍ മുട്ടയുടെ മഞ്ഞ പൊടിച്ചത് നിരത്തുക.

ക്രിസ്റ്റല്‍ ബൌളിന്റെ സൈഡില്‍ നിന്ന് നോക്കൂ: മനോഹരമായ ഒരു പുഷ്പം വിരിഞ്ഞു നില്ക്കും പോലെ തോന്നുന്നില്ലേ, 11 ലെയറുകളിലായി?

അലങ്കരിക്കണമെന്നു തോന്നുന്നെങ്കില്‍ ‘ചെറി‘യോ മല്ലിയിലയോ ഉപയോഗിക്കാം.

NOTES:

-സാല്‍മണ്‍ ഫിഷ് ഇഷ്ടമില്ലാ‍ത്തവര്‍ ചിക്കന്‍ ബ്രെസ്റ്റ് ഉപ്പിട്ട് വേവിച്ച് ഷ്രെഡ്ഡ് ചെയ്തുപയോഗിക്കുക.

-വെറും ഒരു സ്നാക്കായല്ല, ഹൈലി ന്യുട്രീഷനല്‍ ആയതിനാല്‍ (ആ സ്പ്രെഡ് ഒന്നു നോക്കൂ) ഒരു മെയിന്‍ ഡിഷ് ആയിത്തന്നെ ഇതിനെ കണക്കാക്കാം.

- ഈ റെസിപ്പി എനിക്ക് പറഞ്ഞുതന്നത് എന്റെ മരുമകന്‍ ഡോ:രാജേഷ് (ഷാര്‍ജ)

Wednesday, April 18, 2007

സൂത്രക്കോഴി (Healthy Chicken)

ആവശ്യമായ സാധനങ്ങള്‍:

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കുമെന്നതിനാല്‍ സംഗതി കുളമാകാന്‍ ചാന്‍സുണ്ട്)

2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മാരിനേറ്റു ചെയ്യാന്‍:

1) ഇഞ്ചി - വലിയ കഷണം - 1

2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)

3)പച്ച മുളക് - 6 എണ്ണം

4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍

5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍

6)ഗരം മസാല - 1/2 ടീ.സ്പൂണ്‍

7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍

8)തൈര് - 2 ടേ.സ്പൂണ്‍

9)ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ

10)ഉപ്പ് - ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

ചിക്കനെ‍ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക‘.
മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. (ഉപ്പ് കോഴിയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഒരു ചെറിയ കഷണം അലുമിനിയം ഫോയില്‍ ചിക്കന്നടിയില്‍ വയ്‌ക്കാം)

അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.

വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free. ശിശുക്കള്‍ക്കു മുതള്‍ രോഗികള്‍ക്കു വരെ ഇതു recommend ചെയ്യുന്നു. ആയതിനാല്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.

2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുമ്പോള്‍ ‍ ശ്രധിക്കണം.

3) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.

--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!!

Sunday, April 8, 2007

പ്രോണ്‍സ് സ്പെഷ്യല്‍

ആവശ്യമായ സാധനങ്ങള്‍:

ചെമ്മീന്‍ (ഇടത്തരം) - അര കിലോ
ഇഞ്ചി - 1 വലിയ കഷണം
വെളുത്തുള്ളി - 10 ചെറിയ അല്ലി
കുരുമുളക് - 15 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീ സ്പൂണ്
‍കാഷ്മീരി ചില്ലി പൌഡര്‍ - 1 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്
‍ചെറുനാരങ്ങ - 1
തൈര് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഡ് കളര്‍ - അല്പം
കറിവേപ്പില (തണ്ടോടു കൂടി) - 3
ബട്ടര്‍ -1 ടേ സ്പൂണ്
‍പാചക എണ്ണ - 1 ടേ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

ചെമ്മീന്‍ ഉപ്പിട്ട് നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും 'കുരുകുരാ' അരിയുക.
കുരുമുളക് ചതച്ചെടുക്കുക.ഇതിലേക്ക് മസാലകളും ചെറുനാരങ്ങയുടെ നീരും തൈരും ഫുഡ്കളറും ഉപ്പും ചേര്‍ത്തിളക്കുക.ഈ മിശ്രിതം പുരട്ടി ചെമ്മീന്‍ ഒരു മണിക്കൂറെങ്കിലും‍ മാരിനേറ്റു ചെയ്യണം.

ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണയും ബട്ടറും ഇട്ട് ചൂടായിവരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.
ഇതില്‍ ചെമ്മീന്‍ കൂടി ചേര്‍ത്ത് 20/25 മിനിററ്റോളം (വെള്ളം പൂര്‍ണമായും വറ്റും വരെ) പാകം ചെയ്യുക.

-വ്യത്യസ്ത രുചിയോടു കൂടിയ പ്രോണ്‍സ് സ്പെഷ്യല്‍ റെഡി!

NOTES:-
ചിക്കനും മുള്ളില്ലാത്ത ഏതു മീനും ഇതേ പോലെ പാകം ചെയ്യാം.
-മുളക്,മഞ്ഞള്‍, ഗരം മസാലകള്‍ക്ക് പകരം തന്തൂരി മസാലയോ പേസ്റ്റോ ചേര്‍ത്ത് പരീക്ഷിച്ച് നോക്കൂ, പുതിയൊരു ഡിഷ്!
-ചെമ്മീന്‍ ഡീവെയിന്‍ ചെയ്ത് കഴുകിയ ശേഷം വെള്ളം നന്നായി വാറ്റിക്കളയണം (കിച്ചന്‍ ടവല്‍ കൊണ്ട് ഒപ്പിയെടുക്കുക) അല്ലെങ്കില്‍ പാകം ചെയ്യുന്ന ചട്ടിയില്‍ വെള്ളത്തിന്റെ പ്രളയമായിരിക്കും!
-സ്വാഭാവികമായുള്ള ചെമ്മീന്റെ മണം ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് ഒരു തന്തൂരി സ്റ്റൈല്‍ വിഭവമായി അനുഭവപ്പെടും.

Wednesday, February 28, 2007

ചിക്കന്‍ അടിപൊളി

ആവശ്യമായ സാധനങ്ങള്‍:

1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്)
7)ഫുഡ് കളര്‍(റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)

പ്രയോഗം:

ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.(വെള്ളം ചേര്‍ക്കേണ്ടാ, ചിക്കനിലെ വെള്ളം തന്നെ ധാരാളം)

എണ്ണ ചൂടാക്കി, വേപ്പിലയും രണ്ടായി കീറിയ പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.

-വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്‍ണിഷ്’ ചെയ്യാം.

Saturday, February 24, 2007

ഈസി ‍ ടിക്ക

ആവശ്യമായ സാധനങ്ങള്‍:

ബോന്‍ലെസ് ചിക്കന്‍ - 400 ഗ്രാം

ഇഞ്ചി - 1 വലിയ കഷണം
വെളുത്തുള്ളി - 10 അല്ലി
പച്ച മുളക് - 5 എണ്ണം
ഗരം മസാല - 1/2 ടീ സ്പൂണ്
‍വെളുത്ത കുരുമുളക് പൊടി - 1 ടീ സ്പൂണ്
‍ചാട്ട് മസാല - 1റ്റീ സ്പൂണ്
‍ചെറു നാരങ്ങാ നീര് - 1 നാരങ്ങയുടെ
തൈര് - 2 ടേ സ്പൂണ്‍
ഒലീവ് ഓയില്‍ - 3 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

കൂടാതെ സ്ലൈസ് ചെയ്ത കാപ്സിക്കം, തക്കാളി, സബോള എന്നിവയും(സ്റ്റിക്കില്‍ കോര്‍ക്കാന്‍ ) BBQ sticks-ഉം.

പാകം ചെയ്യും വിധം:

ചിക്കന്‍ ക്യൂബുകളായി മുറിക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇതില്‍ ബാക്കിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി മാരിനേറ്റു ചെയ്യാന്‍ വയ്ക്കുക. (OVERNIGHT MARINATION ആയിരിക്കും നല്ലത്)

ചിക്കന്‍ പീസുകള്‍ സ്ക്യൂവേര്‍സില്‍ (Bar BQ sticks) ഉള്ളി, തക്കാളി,കാപ്സിക്കം എന്നിവ ഇടവിട്ടു വരും വിധം കോര്‍ക്കുക.ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ അല്പം ഒലീവ് ഓയില്‍ പുരട്ടി, ചിക്കന്‍ കഷണങ്ങള്‍ ഗോള്‍ഡന്‍ ബ്രൌണ്‍ ആകും വരെ മറിച്ചും തിരിച്ചും (ഏകദേശം 10 മിനിറ്റ് മതിയാകും) വേവിക്കുക.പിന്നീട് ഒരു ഇലക്ട്രിക്ക് ഗ്രില്ലില്‍ 15-20 മിനിറ്റ് ഗ്രില്‍ ചെയ്തെടുക്കുക. ഇടക്ക് കഷണങ്ങളില്‍ അല്പം ഒലിവോയില്‍ ബ്രഷ് കൊണ്ട് പുരട്ടിക്കൊടുക്കണം.

ചാട്ട് മസാല തൂവിയോ ഗ്രീന്‍ ചട്ട്‌ണി കൂട്ടിയോ അതല്ലെങ്കില്‍ ലബനീസ് സ്റ്റൈലില്‍ സീഡ്‌ലസ് ഒലീവ്സിന്ടേയും ഹമൂസിന്റേയും (കടല അരച്ചത്) കൂടെയോ ഭക്ഷിക്കാം.

NOTES:

ഗ്രില്ലിന്റെ സൌകര്യമില്ലാത്തവര്‍ നോണ്‍ സ്റ്റിക്ക് പാനില്‍ തന്നെ ഒലീവ് ഓയില്‍ പുരട്ടി കുറച്ചു കൂടുതല്‍ സമയം വേവിച്ചെടുത്താലും മതിയാകും.

ഇന്‍ഡ്യന്‍ സ്റ്റൈല്‍ ‍ ടിക്ക വേണമെന്നുള്ളവര്‍ കുരുമുളകുപൊടിയുടെ അളവ് കുറച്ച് 1/2 സ്പൂണ്‍ കാഷ്മീരി ചില്ലി പൌഡറും അല്പം റെഡ് കളറും ചേര്‍ക്കുക. നല്ല ചുവന്ന ടിക്ക റെഡി!

Thursday, January 25, 2007

കറിവേപ്പിലപ്പൊടി

ആവശ്യമായ സാധനങ്ങള്‍:

കറിവേപ്പില - 2 കപ്പ്
ഉഴുന്നു പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ് - 2 ടേ.സ്പൂണ്‍
ചീനമുളക് - 50 ഗ്രാം
മല്ലി - 2 ടേ സ്പൂണ്
‍പുളി - ഒരു ചെറു നാരങ്ങ വലിപ്പം
ജീരകം - 1 റ്റീ സ്പൂണ്‍
ഉലുവ - ഒരു നുള്ള്
കായം- 1 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 3 ടേ സ്പൂണ്‍ (ബട്ടറോ എണ്ണയോ വെളിച്ചെണ്ണയോ ആകാം)

പ്രയോഗം:

കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത കറിവേപ്പില, 2 സ്പൂണ്‍ നെയ്യ് തവയിലൊഴിച്ച് കുറേശ്ശെയായി ഗോള്‍ഡന്‍‍ ബ്രൌണ്‍ നിറമാകും വരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
ബാക്കി നെയ്യില്‍ ഉപ്പും പുളിയും ഒഴിച്ച് മറ്റെല്ലാ മസാലകളും വറുത്തെടുക്കുക.

എല്ലാം കൂടി മിക്സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കുക.

Saturday, January 13, 2007

അതിദ്രുത മീന്‍ കറി

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി - 1 കഷണം
തക്കാളി - 2 എണ്ണം
ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി
ചുവന്നുള്ളി - 6
ഉപ്പ് - ആവശ്യത്തിന്
കുടമ്പുളി - 2 ചുള
വെളിച്ചെണ്ണ - 2 ടീ സ്പൂണ്
‍വെള്ളം - ഒരു കപ്പ്

പ്രയോഗം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.

തിള വരുമ്പോള്‍ മീനിടുക.വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.

വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.

Monday, January 8, 2007

ദ്രുതപാചകം - വെണ്ടക്ക ഡിലൈറ്റ്

വെണ്ടക്ക ഡിലൈറ്റ്

250 ഗ്രാം വെണ്ടക്ക ( അര മണിക്കൂര്‍ വെള്ളത്തിലിട്ടു വെച്ച ശേഷം-രാസപദാര്‍ഥങ്ങള്‍ പോകനാണേയ്) നന്നായി കഴുകി വാലും തലയും കളഞ്ഞ് അര ഇഞ്ച് നീളത്തില്‍ ചെരിച്ച് (ഡയമണ്ട് ഷേപില്‍) കഷണങ്ങളാക്കുക. ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂന്‍ മഞ്ഞളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ഇതില്‍ രണ്ട് പച്ചമുളക് കുരുകുരാ അരിഞ്ഞതും ഒരു സബോള നീളത്തില്‍ അരിഞ്ഞതും ചേര്‍ക്കുക. ഗോല്‍ഡന്‍ യെല്ലൊ കളറാകുമ്പോള്‍ ഒരു ടീസ്പൂന്‍ തന്തൂരി പേസ്റ്റും (രാജായുടെ തന്തൂരി പേസ്റ്റ് ഗല്‍ഫിലും യുറോപ്പിലും ലഭ്യമാണ്) പിന്നാലെ വെണ്ടക്കായും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി, മൂടി വച്ച്, ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക.

----വെളിച്ചെണ്ണക്കു പകരം ബട്ടറോ നെയ്യോ ആണെങ്കില്‍ നല്ല ഫ്ലേവര്‍ കിട്ടും.
----കറിവേപ്പില വേണമെങ്കില്‍ ചേര്‍ക്കാം
----വെണ്ടക്കാ അധികം വേവിക്കരുത്.
----തന്തൂരി പേസ്റ്റ് എന്നു കേട്ട് പേടിക്കണ്ടാ (കിട്ടാത്തവര്‍) : മുളക്, മല്ലി,ജീരകം,മഞ്ഞള്‍,ഉലുവാ,ഉഴുന്നു-കടലപ്പരിപ്പുകള്‍, ഗരം മസാല, ഫുഡ് കളര്‍, ഓയില്‍, നമുക്കറിയാന്‍ വയ്യാത്ത കുറെ പ്രിസെര്‍വേറ്റിവ്സ് ഇതൊക്കെയാണ് അതിലുള്ളത്)

Sunday, January 7, 2007

ദ്രുതപാചകം - ദ്രുത ബിരിയാണി

ആവശ്യമായ സാധനങ്ങള്‍:

ചിക്കന്‍/മട്ടന്‍ (ഇടത്തരം കഷണങ്ങളാക്കിയത്) അല്ലെങ്കില്‍ ചെമ്മീന്‍- 1/2 കിലോ
ബസ്മതി റൈസ് - 1/2 കിലോ
കശുവണ്ടിപ്പരിപ്പ് - 10
ഉണങ്ങിയ മുന്തിരി (സുല്‍ത്താന) - 15
ഗരം മസാല - 1 ടേ സ്പൂണ്‍
( അല്ലെങ്കില്‍ ഏലക്കായ-3, കരയാമ്പു- 3, പെരുഞ്ജീരകം-ഒരു നുള്ള്, പട്ട - 1 കഷണം, കറുക ഇല-1- ഇത്രയും ചതച്ചതു)
ഇഞ്ചി (ചെറുതായി നുറുക്കിയത്) -ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 10 അല്ലി
കുരുമുളക് - 10 എണ്ണം ചതച്ചത്പ
പച്ച മുളക് (അരിഞ്ഞത്) - 5 എണ്ണം
സബോള (വട്ടത്തില്‍ അരിഞ്ഞത്) - 3
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേ സ്പൂണ്‍
മുളകുപൊടി - 1 ടേ സ്പൂണ്‍
തക്കാളി പഴുത്തത് - 2 എണ്ണം (അരിഞ്ഞത്)
ചെറുനാരങ്ങ നീര് - 1 നാരങ്ങയുടെ
തൈര് - 1 ടേ സ്പൂണ്‍
മല്ലിയില - ഒരു പിടി
ബട്ടര്‍/നെയ്യ് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്ന്
വെള്ളം - 2 കപ്പ് (ആവശ്യത്തിന്ന്
ബിരിയാണി കളര്‍ - (optional) - അല്പം

പാകം ചെയ്യുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക.

ഇറച്ചി (ചെമ്മീന്‍) അല്പം ഉപ്പിട്ട് നന്നായി കഴുകി (ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിള്‍ ചെയ്ത് നോക്കൂ, എന്നിട്ടറിയൂ വ്യത്യാസം) വാര്‍ത്ത് ചെറു നാരങ്ങാനീരും തൈരും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.

അടി കട്ടിയുള്ള ഒരു തവയില്‍ നെയ്യൊഴിച്ച് ചൂടായശേഷം മുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്ത് കോരി മാറ്റിവയ്ക്കുക.നെയ്യില്‍ ചതച്ച ഗരം മസാലയിടുക.പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, ഉള്ളി എവ ക്രമമായി വഴറ്റുക.ഉള്ളി ഗോല്‍ഡന്‍ യെല്ലോ കളറാകുന്പോള്‍ കുറച്ചു വെള്ളം തളിച്ച് രണ്ടു മിനിറ്റിനു ശേഷം (ചേരുവകള്‍ നല്ല മയത്തിലാകും അപ്പോള്‍) മസാലകള്‍ ഒന്നൊന്നായി ചേര്‍ത്ത് മൂപ്പിക്കുക.(ബിരിയാണി കളര്‍ ഇപ്പോള്‍ ചേര്‍ക്കാം)

തക്കാളികൂടി ചേര്‍ത്ത് മസാലകളെല്ലാം കുഴമ്പ് രൂപത്തിലാകുമ്പോള്‍ ഇറച്ചി (അല്ലെങ്കില്‍ ചെമ്മീന്‍) ഇട്ട് ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.മൂടി മാറ്റി ഇളക്കി 5 മിനിറ്റ് കൂടി വഴറ്റുക. (ആട്ടിറച്ചിയാണെങ്കില്‍ കൂടുതല്‍ സമയം)

ഇനി ബസ്മതി അരി ചേര്‍ക്കാം.ഇറച്ചിയും അരിയും മൂടത്തക്ക രീതിയില്‍ (ശ്രദ്ധിക്കുക, കൂടുതലോ കുറവോ ആകരുത്) വെള്ളം ഒഴിച്ച് നല്ലവണ്ണം തവികൊണ്ടിളക്കി മൂടിവച്ചു ചെറുതീയില്‍ പാകം ചെയ്യാം.(രുചിച്ചു നോക്കി ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കണം) ഇടക്കിടക്ക് മൂടി മാറ്റി വെള്ളം വറ്റുന്നുണ്ടോയെന്നു പരിശോധിക്കണം. (ഒന്നിളക്കുകയും ആകാം)

മല്ലിയിലയും വറുത്ത് വച്ച കശുവണ്ടിയും മുന്തിരിയും കൊണ്ട് ഗാര്‍നിഷ് ചെയ്തുപയോഗിക്കുക.

(അവന്‍ ഉള്ളവര്‍, ബിരിയാണി ഒരു ഒവന്‍പ്രൂഫ് ഡിഷിലാക്കി അല്പം ബട്ടര്‍ മീതെയിട്ട് നല്ലവണ്ണം കവര്‍ ചെയ്ത് ‍ 15 -20 മിനിറ്റ് ബേയ്ക് ചെയ്തെടുക്കുക. വെള്ള/നെയ്മയം പോയിക്കിട്ടാനണിത്)