എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, April 8, 2007

പ്രോണ്‍സ് സ്പെഷ്യല്‍

ആവശ്യമായ സാധനങ്ങള്‍:

ചെമ്മീന്‍ (ഇടത്തരം) - അര കിലോ
ഇഞ്ചി - 1 വലിയ കഷണം
വെളുത്തുള്ളി - 10 ചെറിയ അല്ലി
കുരുമുളക് - 15 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീ സ്പൂണ്
‍കാഷ്മീരി ചില്ലി പൌഡര്‍ - 1 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്
‍ചെറുനാരങ്ങ - 1
തൈര് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഡ് കളര്‍ - അല്പം
കറിവേപ്പില (തണ്ടോടു കൂടി) - 3
ബട്ടര്‍ -1 ടേ സ്പൂണ്
‍പാചക എണ്ണ - 1 ടേ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

ചെമ്മീന്‍ ഉപ്പിട്ട് നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും 'കുരുകുരാ' അരിയുക.
കുരുമുളക് ചതച്ചെടുക്കുക.ഇതിലേക്ക് മസാലകളും ചെറുനാരങ്ങയുടെ നീരും തൈരും ഫുഡ്കളറും ഉപ്പും ചേര്‍ത്തിളക്കുക.ഈ മിശ്രിതം പുരട്ടി ചെമ്മീന്‍ ഒരു മണിക്കൂറെങ്കിലും‍ മാരിനേറ്റു ചെയ്യണം.

ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണയും ബട്ടറും ഇട്ട് ചൂടായിവരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.
ഇതില്‍ ചെമ്മീന്‍ കൂടി ചേര്‍ത്ത് 20/25 മിനിററ്റോളം (വെള്ളം പൂര്‍ണമായും വറ്റും വരെ) പാകം ചെയ്യുക.

-വ്യത്യസ്ത രുചിയോടു കൂടിയ പ്രോണ്‍സ് സ്പെഷ്യല്‍ റെഡി!

NOTES:-
ചിക്കനും മുള്ളില്ലാത്ത ഏതു മീനും ഇതേ പോലെ പാകം ചെയ്യാം.
-മുളക്,മഞ്ഞള്‍, ഗരം മസാലകള്‍ക്ക് പകരം തന്തൂരി മസാലയോ പേസ്റ്റോ ചേര്‍ത്ത് പരീക്ഷിച്ച് നോക്കൂ, പുതിയൊരു ഡിഷ്!
-ചെമ്മീന്‍ ഡീവെയിന്‍ ചെയ്ത് കഴുകിയ ശേഷം വെള്ളം നന്നായി വാറ്റിക്കളയണം (കിച്ചന്‍ ടവല്‍ കൊണ്ട് ഒപ്പിയെടുക്കുക) അല്ലെങ്കില്‍ പാകം ചെയ്യുന്ന ചട്ടിയില്‍ വെള്ളത്തിന്റെ പ്രളയമായിരിക്കും!
-സ്വാഭാവികമായുള്ള ചെമ്മീന്റെ മണം ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് ഒരു തന്തൂരി സ്റ്റൈല്‍ വിഭവമായി അനുഭവപ്പെടും.

9 comments:

kaithamullu - കൈതമുള്ള് said...

വ്യത്യസ്ത രുചിയോടു കൂടിയ ഒരു ചെമ്മീന്‍ ഐറ്റം.

- വീക്കെന്‍ഡുകളീല്‍ സുഹൃത്തുക്കളുടെ ഡിമാന്റിനു വഴങ്ങി വീണ്ടും വീണ്ടൂം ‍ പാചകം ചെയ്യുന്ന ഒരു വിഭവം കൂടിയാണിത്.

കുറുമാന്‍ said...

ആഹാ, വായിച്ചിടത്തോളം ഇതൊരു അടിപൊളി ഐറ്റം തന്നെയാകുമല്ലോ കൈതമുള്ള മാഷെ.

ചെമ്മീന്‍ അരകിലോ ആക്കണ്ട്, ഒരു കിലോ ആയികോട്ടെ, ഞാന്‍ വരുന്നുണ്ട് ഉടനെ തന്നെ അങ്ങോട്ട്.

കുട്ടന്‍ മേനൊന്‍ | KM said...

കുറച്ച് കുരുമുളകു കൂടി കൂട്ടിയിട്ടാല്‍ കിണ്ണന്‍ ഒരു ടച്ചിങ്സായി.

ആഷ said...

ഉണ്ടാക്കി നോക്കീട്ടു പറയാട്ടോ
ഇവിടെ കിട്ടുന്ന ചെമ്മീനു എന്തോ ഒരു കെമിക്കല്‍ ചുവയാണ് :(

ആ ഫുഡ് കളര്‍ ചേര്‍ത്ത് കൊഴുപ്പിക്കല്‍ കഴിവതും ഒഴിവാക്കുക. കണ്ണിനു കുളിര്‍മ്മയല്‍പം കുറഞ്ഞാലും ആമാശയം താങ്കളെ അഭിനന്ദിക്കും.

അപ്പു said...

പ്രിന്റെടുത്തിട്ടുണ്ട്. ഇന്നുതന്നെ പരീക്ഷിക്കാം.

kaithamullu - കൈതമുള്ള് said...

കുറുജീ,
സ്വാഗതം! ഈയാഴ്ചയാണെങ്കില്‍ ഒരു ബക്കാര്‍ഡി കൂടി സംഘടിപ്പിക്കാം, ട്ടോ!

മേന്‍‌ന്നേ,
You said it!
കുരുമുളക് തരുതരുപ്പായി ചതച്ചു ചേര്‍ക്കണം.

ആഷേ,
സത്യം തന്നെ. പക്ഷേ കണ്ണിനൊരിമ്പവും മൂക്കിനൊരാസക്തിയും തോന്നിയില്ലെങ്കില്‍ സ്വാദെത്രയുണ്ടെങ്കിലും പാചകം പകുതിയെ ആകൂ!
(എന്നുവച്ച് ഒഴിവാക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായവും, കേട്ടോ)
ഫൈനല്‍ കമെന്റ് പ്രതീക്ഷിക്കുന്നു.

അപ്പൂസേ,
ഉടനെ അറിയിക്കണേ....

-എല്ലാര്‍ക്കും നന്ദി, ഈസ്റ്റര്‍ മംഗളങ്ങള്‍!

പ്രിയംവദ said...

ഞാന്‍ തങ്കളുടെ കുറിപ്പുകള്‍ കുറച്ചു വ്യത്യാസപ്പെടുത്തി ആണു പരീക്ഷിക്കാറു..എല്ലാം കൊള്ളാം കെട്ടോ!
റു..സൂത്ര കോഴി രണ്ടുതവണ വച്ചു...സ്വാദ്‌ കുറവാണു..കൊഴുപ്പൊക്കെ പൊയി കിട്ടി എന്നര്‍ഥം ..
qw_er_ty

സാരംഗി said...

കൈതമുള്‍സ്‌...അടുത്ത ശനിയാഴ്ചത്തേയ്ക്ക്‌ പരീക്ഷണത്തീയതി നിശ്ചയിച്ച്‌ പ്രിന്റൗട്ട്‌ എടുത്തുവച്ചു...കഴിച്ച്‌ നോക്കിയിട്ട്‌ പറയാം..ട്ടോ.

kaithamullu - കൈതമുള്ള് said...

സഖി പ്രിയംവദേ,

സൂത്രക്കോഴി കുറേക്കൂടി ജനകീയമാകണമെന്നാണെന്റെ ആശ.

ഉള്ള മസാല മുഴുവന്‍ വാരിയിട്ട് പാചകം നടത്തി നടത്തി ഒരോ ഇനം മാംസത്തിന്റേയോ മീനിന്റേയോ ശരിയായ രുചി നാം അറിയാതായിരിക്കുന്നു.

കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍, ചെമ്മീന്‍ കറിവയ്ക്കുന്നതിന്നിടെ, എന്റെ കുഞ്ഞമ്മായി (കൊച്ചിയിലാണേയ്)പറഞ്ഞത് കേള്‍ക്കണോ:‘ചെമ്മീന്‍ വെന്ത് വെന്ത് നിവരണം, അതാണതിന്റെ പാകം!‘

ദേവി സാരംഗീ,
പാചകശേഷം കമന്റുമല്ലോ?