എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Tuesday, July 22, 2008

ചിക്കന്‍ മിലാനോ

ചിക്കന്‍ മിലാനോ ഉണ്ടാക്കാന്‍ ചിക്കന്‍ ബ്രെസ്റ്റ്‌ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്‌. ( എല്ലാ കഷണങ്ങളും ഒരേ വലുപ്പത്തില്‍ ലഭിക്കും. 900 ഗ്രാമിന്റെ പാക്ക്‌ ലഭ്യമാണു)


തൊലി കളഞ്ഞ്‌, വൃത്തിയാക്കി കുരുമുളക്‌ പൊടിയും ഉപ്പും ചെറുനാരങ്ങാ നീരും പുരട്ടി അര മണിക്കൂര്‍ (കൂടുതല്‍ സമയം വച്ചാല്‍‍ നല്ലത്‌) വയ്ക്കുക. എന്നിട്ട്‌ ഒരു തുടം ഒലീവ്‌ ഓയിലില്‍ പകുതി വേവും വരെ തിരിച്ചും മറിച്ചുമിട്ട്‌ വേവിക്കുക.


500 ഗ്രാം കൂണ്‍ (മഷ്‌റൂം) കൈകൊണ്ട്‌ പൊട്ടിച്ച്‌ മീഡിയം കഷണങ്ങളാക്കുക. അതില്‍ ഒരു വലിയ കപ്പ്‌ കാപ്സിക്കം, കൂണ്‍ കഷണങ്ങളുടെ അതേ വലിപ്പത്തില്‍, മുറിച്ച്‌ കലര്‍ത്തി, തവയില്‍ ബാക്കി വന്ന ഒലീവ്‌ ഓയിലില്‍ 5 മിനിറ്റ്‌ വറുത്തെടുക്കുക. ( കൂണില്‍ നിന്നും കാപ്സിക്കത്തില്‍ നിന്നും ജലാംശം കൂടുതല്‍ വന്നാല്‍, അല്പം തീ കൂട്ടി വയ്ക്കൂ, പെട്ടെന്ന് വറ്റിക്കിട്ടും). ഇതില്‍ ആവശ്യം പോലെ കുരുമുളക്‌ പൊടിയും ഉപ്പും ചേര്‍ക്കാം.



ഒരു ബേക്കിംഗ്‌ പാനില്‍ ഒലീവ്‌ ഓയില്‍ പുരട്ടി, ചിക്കന്‍, മഷ്രൂം, കാപ്സിക്കം ഇവ ഇടകലര്‍ത്തിയിടുക. ഒരു തക്കാളി (ചൂട്‌ വെള്ളത്തിലിട്ട്‌ തൊലി കളഞ്ഞത്‌- blanched) അരച്ചതും അര കപ്പ്‌ ടൊമാറ്റോ പേസ്റ്റും ചേര്‍ക്കുക.



ഇനി പ്രധാന മസാല ചേര്‍ക്കാം: ഒരു ടീ സ്പൂണ്‍ ഇറ്റാലിയന്‍ മസാല (ഈ പേരില്‍ തന്നെ വാങ്ങാന്‍ കിട്ടും, ഇല്ലെങ്കില്‍ പിസ്സാ മസാലയും ഉപയോഗിക്കാം) മീതെ വിതറുക. അരിഞ്ഞ പാര്‍സ്‌ലി (parsley)ലീവ്‌സും 100 ഗ്രാം ചീസ്‌ (grated cheese) ചീകിയതും വിതറി അര മണിക്കൂര്‍ നേരം ഇലക്ട്രിക്ക്‌ അവനില്‍ ബേക്‌ ചെയ്തെടുക്കുക.

ചിക്കന്‍ മിലാനോ തയ്യാര്‍!


കുറിപ്പ്‌:

-പല കളറുകളിലുള്ള കാപ്സിക്കം ഉപയോഗിച്ചാല്‍ കാണാന്‍ ഭംഗിയായിരിക്കും.
-ഗ്രേറ്റ്‌ ചെയ്ത മൊസാറെല്ലാ ചീസ്‌ പാക്കറ്റുകളില്‍ ലഭ്യം.