എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Thursday, January 25, 2007

കറിവേപ്പിലപ്പൊടി

ആവശ്യമായ സാധനങ്ങള്‍:

കറിവേപ്പില - 2 കപ്പ്
ഉഴുന്നു പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ് - 2 ടേ.സ്പൂണ്‍
ചീനമുളക് - 50 ഗ്രാം
മല്ലി - 2 ടേ സ്പൂണ്
‍പുളി - ഒരു ചെറു നാരങ്ങ വലിപ്പം
ജീരകം - 1 റ്റീ സ്പൂണ്‍
ഉലുവ - ഒരു നുള്ള്
കായം- 1 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 3 ടേ സ്പൂണ്‍ (ബട്ടറോ എണ്ണയോ വെളിച്ചെണ്ണയോ ആകാം)

പ്രയോഗം:

കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത കറിവേപ്പില, 2 സ്പൂണ്‍ നെയ്യ് തവയിലൊഴിച്ച് കുറേശ്ശെയായി ഗോള്‍ഡന്‍‍ ബ്രൌണ്‍ നിറമാകും വരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
ബാക്കി നെയ്യില്‍ ഉപ്പും പുളിയും ഒഴിച്ച് മറ്റെല്ലാ മസാലകളും വറുത്തെടുക്കുക.

എല്ലാം കൂടി മിക്സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കുക.

Saturday, January 13, 2007

അതിദ്രുത മീന്‍ കറി

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി - 1 കഷണം
തക്കാളി - 2 എണ്ണം
ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി
ചുവന്നുള്ളി - 6
ഉപ്പ് - ആവശ്യത്തിന്
കുടമ്പുളി - 2 ചുള
വെളിച്ചെണ്ണ - 2 ടീ സ്പൂണ്
‍വെള്ളം - ഒരു കപ്പ്

പ്രയോഗം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.

തിള വരുമ്പോള്‍ മീനിടുക.വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.

വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.

Monday, January 8, 2007

ദ്രുതപാചകം - വെണ്ടക്ക ഡിലൈറ്റ്

വെണ്ടക്ക ഡിലൈറ്റ്

250 ഗ്രാം വെണ്ടക്ക ( അര മണിക്കൂര്‍ വെള്ളത്തിലിട്ടു വെച്ച ശേഷം-രാസപദാര്‍ഥങ്ങള്‍ പോകനാണേയ്) നന്നായി കഴുകി വാലും തലയും കളഞ്ഞ് അര ഇഞ്ച് നീളത്തില്‍ ചെരിച്ച് (ഡയമണ്ട് ഷേപില്‍) കഷണങ്ങളാക്കുക. ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂന്‍ മഞ്ഞളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ഇതില്‍ രണ്ട് പച്ചമുളക് കുരുകുരാ അരിഞ്ഞതും ഒരു സബോള നീളത്തില്‍ അരിഞ്ഞതും ചേര്‍ക്കുക. ഗോല്‍ഡന്‍ യെല്ലൊ കളറാകുമ്പോള്‍ ഒരു ടീസ്പൂന്‍ തന്തൂരി പേസ്റ്റും (രാജായുടെ തന്തൂരി പേസ്റ്റ് ഗല്‍ഫിലും യുറോപ്പിലും ലഭ്യമാണ്) പിന്നാലെ വെണ്ടക്കായും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി, മൂടി വച്ച്, ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക.

----വെളിച്ചെണ്ണക്കു പകരം ബട്ടറോ നെയ്യോ ആണെങ്കില്‍ നല്ല ഫ്ലേവര്‍ കിട്ടും.
----കറിവേപ്പില വേണമെങ്കില്‍ ചേര്‍ക്കാം
----വെണ്ടക്കാ അധികം വേവിക്കരുത്.
----തന്തൂരി പേസ്റ്റ് എന്നു കേട്ട് പേടിക്കണ്ടാ (കിട്ടാത്തവര്‍) : മുളക്, മല്ലി,ജീരകം,മഞ്ഞള്‍,ഉലുവാ,ഉഴുന്നു-കടലപ്പരിപ്പുകള്‍, ഗരം മസാല, ഫുഡ് കളര്‍, ഓയില്‍, നമുക്കറിയാന്‍ വയ്യാത്ത കുറെ പ്രിസെര്‍വേറ്റിവ്സ് ഇതൊക്കെയാണ് അതിലുള്ളത്)

Sunday, January 7, 2007

ദ്രുതപാചകം - ദ്രുത ബിരിയാണി

ആവശ്യമായ സാധനങ്ങള്‍:

ചിക്കന്‍/മട്ടന്‍ (ഇടത്തരം കഷണങ്ങളാക്കിയത്) അല്ലെങ്കില്‍ ചെമ്മീന്‍- 1/2 കിലോ
ബസ്മതി റൈസ് - 1/2 കിലോ
കശുവണ്ടിപ്പരിപ്പ് - 10
ഉണങ്ങിയ മുന്തിരി (സുല്‍ത്താന) - 15
ഗരം മസാല - 1 ടേ സ്പൂണ്‍
( അല്ലെങ്കില്‍ ഏലക്കായ-3, കരയാമ്പു- 3, പെരുഞ്ജീരകം-ഒരു നുള്ള്, പട്ട - 1 കഷണം, കറുക ഇല-1- ഇത്രയും ചതച്ചതു)
ഇഞ്ചി (ചെറുതായി നുറുക്കിയത്) -ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 10 അല്ലി
കുരുമുളക് - 10 എണ്ണം ചതച്ചത്പ
പച്ച മുളക് (അരിഞ്ഞത്) - 5 എണ്ണം
സബോള (വട്ടത്തില്‍ അരിഞ്ഞത്) - 3
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേ സ്പൂണ്‍
മുളകുപൊടി - 1 ടേ സ്പൂണ്‍
തക്കാളി പഴുത്തത് - 2 എണ്ണം (അരിഞ്ഞത്)
ചെറുനാരങ്ങ നീര് - 1 നാരങ്ങയുടെ
തൈര് - 1 ടേ സ്പൂണ്‍
മല്ലിയില - ഒരു പിടി
ബട്ടര്‍/നെയ്യ് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്ന്
വെള്ളം - 2 കപ്പ് (ആവശ്യത്തിന്ന്
ബിരിയാണി കളര്‍ - (optional) - അല്പം

പാകം ചെയ്യുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക.

ഇറച്ചി (ചെമ്മീന്‍) അല്പം ഉപ്പിട്ട് നന്നായി കഴുകി (ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിള്‍ ചെയ്ത് നോക്കൂ, എന്നിട്ടറിയൂ വ്യത്യാസം) വാര്‍ത്ത് ചെറു നാരങ്ങാനീരും തൈരും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.

അടി കട്ടിയുള്ള ഒരു തവയില്‍ നെയ്യൊഴിച്ച് ചൂടായശേഷം മുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്ത് കോരി മാറ്റിവയ്ക്കുക.നെയ്യില്‍ ചതച്ച ഗരം മസാലയിടുക.പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, ഉള്ളി എവ ക്രമമായി വഴറ്റുക.ഉള്ളി ഗോല്‍ഡന്‍ യെല്ലോ കളറാകുന്പോള്‍ കുറച്ചു വെള്ളം തളിച്ച് രണ്ടു മിനിറ്റിനു ശേഷം (ചേരുവകള്‍ നല്ല മയത്തിലാകും അപ്പോള്‍) മസാലകള്‍ ഒന്നൊന്നായി ചേര്‍ത്ത് മൂപ്പിക്കുക.(ബിരിയാണി കളര്‍ ഇപ്പോള്‍ ചേര്‍ക്കാം)

തക്കാളികൂടി ചേര്‍ത്ത് മസാലകളെല്ലാം കുഴമ്പ് രൂപത്തിലാകുമ്പോള്‍ ഇറച്ചി (അല്ലെങ്കില്‍ ചെമ്മീന്‍) ഇട്ട് ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.മൂടി മാറ്റി ഇളക്കി 5 മിനിറ്റ് കൂടി വഴറ്റുക. (ആട്ടിറച്ചിയാണെങ്കില്‍ കൂടുതല്‍ സമയം)

ഇനി ബസ്മതി അരി ചേര്‍ക്കാം.ഇറച്ചിയും അരിയും മൂടത്തക്ക രീതിയില്‍ (ശ്രദ്ധിക്കുക, കൂടുതലോ കുറവോ ആകരുത്) വെള്ളം ഒഴിച്ച് നല്ലവണ്ണം തവികൊണ്ടിളക്കി മൂടിവച്ചു ചെറുതീയില്‍ പാകം ചെയ്യാം.(രുചിച്ചു നോക്കി ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കണം) ഇടക്കിടക്ക് മൂടി മാറ്റി വെള്ളം വറ്റുന്നുണ്ടോയെന്നു പരിശോധിക്കണം. (ഒന്നിളക്കുകയും ആകാം)

മല്ലിയിലയും വറുത്ത് വച്ച കശുവണ്ടിയും മുന്തിരിയും കൊണ്ട് ഗാര്‍നിഷ് ചെയ്തുപയോഗിക്കുക.

(അവന്‍ ഉള്ളവര്‍, ബിരിയാണി ഒരു ഒവന്‍പ്രൂഫ് ഡിഷിലാക്കി അല്പം ബട്ടര്‍ മീതെയിട്ട് നല്ലവണ്ണം കവര്‍ ചെയ്ത് ‍ 15 -20 മിനിറ്റ് ബേയ്ക് ചെയ്തെടുക്കുക. വെള്ള/നെയ്മയം പോയിക്കിട്ടാനണിത്)