എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, February 25, 2008

മത്തി പറ്റിച്ചത് - സ്പെഷല്‍ എഡിഷന്‍

തയ്യാറെടുപ്പ്:

മത്തി(ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാളയാണേല്‍ പഷ്ട്) - 1/2 കി.
(കടേന്ന് ക്ലീന്‍ ചെയ്ത് വാ‍ങ്ങിയാല്‍ ആ വിശാലന്‍ പെട്ട പാടൊന്നും പെടാതെ കഴിക്കാം.അല്പം ഉപ്പ് വെള്ളത്തിലിട്ട് അലമ്പിക്കഴുകിയാ മണവും കുറഞ്ഞ് കിട്ടും)

ഇഞ്ചി - തൊലി(പറ്റിപ്പിടിച്ച മണ്ണും)കളഞ്ഞ് കനം കുറച്ച് നീളത്തിലരിഞ്ഞത് - 1 ടേ സ്പൂ.

പച്ച മുളക് - അധികം എരിവ് വേണമെന്നുള്ളവര്‍ മാത്രം ഉപയോഗിക്കുക - 3 എണ്ണം-രണ്ടായി പിളര്‍ന്നത്.
(ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ച് നോക്കിയാല്‍ കാന്താരിയല്ലെന്ന് ഉറപ്പ് വരുത്തുക.)

ചുവന്നുള്ളി - (മുകളിലെ വരണ്ടുണങ്ങിയ തൊലി മാത്രം കളഞ്ഞ് ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്

വെളുത്തുള്ളി - (മുകളില്‍ പറഞ്ഞപോലെ) - 2 ടീ സ്പൂ.

കുരുമുളക് ചതച്ചത് - 1 ടീ സ്പൂ

ഉലുവപ്പൊടി - 1/4 ടീ സ്പൂ
മഞ്ഞള്‍പ്പൊടി - 1/4 ടീ സ്പൂ
മുളക് പൊടി - 1 ടീ സ്പൂ
മല്ലിപ്പൊടി - 1 ടേ സ്പൂ

ഉപ്പ് - ആവശ്യം പോലെ മാത്രം

കുടമ്പുളി (മീന്‍ പുളി) - 3 കഷണം

കറി വേപ്പില - ഒരു പിടി

വെളിച്ചെണ്ണ - രണ്ട് ടീ സ്പൂ

ഇനി ക്രിയ:

മസാലകളെല്ലാം കൂടി (പച്ച മസാലയും ഉള്ളിയും പൊടിച്ച/ചതച്ച മസാലയും) ഉപ്പും അല്പം വെളിച്ചണ്ണയും ചേര്‍ത്ത് ഞരടി പീഡിപ്പിച്ച് ഒരു പരുവത്തിലാക്കുക.

ചെറിയ ഒരു മീന്‍ ചട്ടിയുടെ അടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചുറ്റിക്കുക.(തല കറങ്ങാതെയും ചട്ടി താഴെ വീണുടയാതെയും സാവധാനത്തില്‍ വേണം ഈ കര്‍മ്മം നിര്‍വഹിക്കാന്‍) ഇതില്‍ കറിവേപ്പില തണ്ടോട് കൂടി നിക്ഷേപിക്കുക.

അതിന്‍മീതെ മത്തികളെ സ്നേഹപൂര്‍വം വരിവരിയായി അണി നിരത്തുക.(പാതി)
എന്നിട്ട് അവശനിലയിലായിട്ടും പരിഭവം കാട്ടാത്ത മസാലക്കൂട്ട് (പാതി) അതിന് മുകളില്‍ ശ്രദ്ധാപൂര്‍വം നിരത്തുക.

പിന്നെ മുകളില്‍ ബാക്കി മീന്‍, പിന്നെ ശേഷിച്ച മസാല....

മീന്‍പുളി, അരകപ്പ് വെള്ളം ഇവ കൂടി ചേര്‍ത്ത് ചട്ടി അടച്ച് വച്ച്, ആദ്യം നല്ല തീയില്‍ 5 മിനിറ്റും പിന്നെ തീ കുറച്ച് 10 മിനിറ്റും പാചകം ചെയ്തെടുക്കുക.

എന്താ ശ്രമിക്കയല്ലേ?
-വളരെ എളുപ്പമാ.....(തേങ്ങ വേണ്ട, തക്കാളി വേണ്ട, മിക്സി വേണ്ടാ, കടുക് പൊട്ടിക്കണ്ടാ....)

ഒരു ദിവസം മുന്‍പ് ഉണ്ടാക്കി വച്ച് കാത്തിരിക്കാനൊക്കുമോ ആവോ?
എങ്കില്‍ പഷ്ട്!!

16 comments:

kaithamullu : കൈതമുള്ള് said...

വിശാലന്റെ ചില്ലി ചാള കൂട്ടാനിട്ട കമെന്റ്, അവിടെ നിന്നും പൊക്കി, ഇതാ ഇവിടെ ഞാനൊര് പോസ്റ്റായി തട്ടുന്നു.

-അഭിലാഷന്‍, വിശാലന്‍, കുറുമാന്‍ ഇത്യാദി ബ്ലോഗ്പ്രഭുക്കള്‍ പറഞ്ഞാല്‍ അനുസരിക്കയല്ലാതെന്ത് ചെയ്യും?

നളപാചകത്തില്‍ തന്നെ കിടക്കട്ടേന്ന് കരുതി ചെന്നപ്പോ അവിടെ ‘നോ എണ്ട്രി!” (കുട്ടന്‍ മേനന്‍ എനിക്കയച്ച ഇന്‍‌വിറ്റേഷന്‍ എവിടെ പോയോ എന്തോ?)

അപ്പോ കരുതി നമക്കൂല്യേ പണ്ട് പതിച്ചെടുത്ത ഒരു അര സെന്റ്, എന്ന്. പിന്നെ ഈ വഴി വന്നിട്ടേറെ നാളുമായല്ലോ!

Visala Manaskan said...

:)ഓ.. ഇത്രേം ഐറ്റംസ് ഇവിടെ ഇട്ടിരുന്നോ??

അതുശരി, അപ്പോള്‍ ശശിയേട്ടന്റെ അച്ഛന് നാട്ടില്‍ ഹോട്ടലായിരുന്നു ല്ലേ? :)

താങ്ക്യു വെരി മച്ച് സര്‍!

ആഗ്നേയ said...

ഇങ്ങനെ ചുമ്മാ മനുഷ്യനെ കൊതിപ്പിക്കുന്നേന്റെ പാപം കളയാന്‍ ഒരെളുപ്പ വഴി കൈതേട്ടാ..
ഒരു 10 കിലോ മത്തിവാങ്ങി ഇങ്ങനെ പറ്റിച്ചിട്ട്(പറ്റിക്കരുത്)ബ്ലോഗ്മീറ്റിനു സപ്ലൈ ചെയ്യുക..
ഇല്ലെങ്കിലുണ്ടല്ലോ!ഹാ‍ാ‍ാ..

റീനി said...

അല്‍പ്പം തേങ്ങയും കൂടിയായാല്‍ എന്തായിരിക്കും ടേസ്റ്റ് അല്ലേ?
രണ്ടുതുടം വെളിച്ചെണ്ണ തേങ്ങയില്ലാത്തതിനെ കോമ്പെന്‍സേറ്റു ചെയ്യാനാണോ?

അതുല്യ said...

ഇത് കൂട്ടി ഊണു കഴിച്ചിട്ട്, കെകയ്യിലേം വായിലേം ഒക്കെ മണം കളയാന്‍ എന്ത് ചെയ്യും? ആരോ പണ്ട് പറയുമായിരുന്നു, തുളസി, നാരകം എന്നിവയുടെ ഒക്കെ ഇല കൊണ്ട് തിരുമീയാ മണം പോകും ന്ന്. പണ്ട് എന്റെ കൂടെ സ്ക്കൂളില്‍ ഒരു കുട്ടി എന്നും മീന്‍ വറുത്ത് ചോറിന്റെ കൂടേ കൊണ്ട് വരും. ഉച്ചയ്ക്ക് സോഷ്യല്‍ പീരീഡിനു, ബുക്കുകള്‍ കുറവാവുമ്പോ, 2ഉം 3 ഉം കുട്ടികള്‍ വച്ച് ഒരു ബുക്കില്‍ നോക്കാന്‍ പറയുമ്പോഴ്, ഈ കുട്ടി ചിലപ്പോ എന്റെ ബുക്കിലേ പേജുകള്‍ മറിയ്ക്കുയും അടയാളപെടുത്തുകയും ഒക്കെ ചെയ്യും. ആ പേജുകള്‍ക്ക് ദിവസങ്ങളോളം മീനിന്റെ മണം നിലനിന്നിരുന്നു. കഴിയ്ക്കാന്‍ നല്ലതാണെങ്കിലും, കാണാന്‍ ചട്ടിയിലു ഒരു നല്ല ലുക്കാണെങ്കിലും, ഈ മണമോര്‍ക്കുമ്മ്പോഴ് എന്തോ ഒരു അസഹ്യതയാണെനിക്ക് മീന്‍ കൂട്ടാന്ന് ന്ന് പറയുമ്പോഴ്. ഈ യൂആര്‍ല്ലിനും മണമുണ്ടോ ആവോ. വിശാലന്റെ കറീനെ കൊണ്ട് കഴിഞെന്ന് വിചാരീച്ച് സമാധാനിച്ച് ഇരിയ്ക്കുമ്പോഴ് ദേ.. ഇപ്പോ കൈതേടെ പോസ്റ്റിലും. മീന്‍ പോസ്റ്റുകള്‍ മൂര്‍ദാബാദ്! വെറെ എന്തൊക്കെ കൊണ്ട് കൂട്ടാന്‍ വയ്ക്കാം ഈ മരിച്ച സാധനങ്ങലേ കൂടാണ്ടേ? കേട്ടിട്ടില്ലേ, ഡോണ്ട് മേക്ക് യുവര്‍ സ്റ്റൊമക്ക് എ ഗ്രേവ്-യാറ്ഡ്ന്ന്? അതൊണ്ട് ബ്ലോഗ്ഗ് ഹര്‍ത്താലാ നാലു ദിനം ഇനി. വിശാലന്‍ കൈതേടേ അച്ഛനു വിളിച്ചത് കേട്ടായിരുന്നല്ലോ അല്ലേ :) മീറ്റിങിനു വരുമ്പോ നമുക്ക് ശരിയാക്കാം.

kaithamullu : കൈതമുള്ള് said...

വിശാലാ,
അച്ഛന് ഹോട്ടലുണ്ടായിരുന്ന വിവരം ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നല്ലോ?
-ഗൊച്ചുഗള്ളന്‍, ഒക്കെ അറിയാം!

ആഗ്നേ,
അഡ്രസ് താ.
-ഹോം ഡെലിവറിയാകാം. (നോ പറ്റിക്കല്‍, ട്ടോ!)
(മത്തി ബ്ലോഗ് മീറ്റിനോ? ശ്ശേ, നമ്മള്‍ ബ്ലോഗേര്‍സിന് ഒരു സ്റ്റാന്‍ഡാര്‍ഡ് ഒക്കെ വേണ്ടേ?)

റിനി,
തേങ്ങ അത്രക്ക് ചേരില്ല, ഈ പച്ചമസാലയില്‍. വെളിച്ചെണ്ണ ചട്ടിയുടെ അടിയില്‍ ഒഴിക്കുന്നത് പെട്ടെന്ന് അടിയില്‍ പിടിക്കാതിരിക്കാനാ. പറ്റിച്ചെടുക്കയല്ലേ?

ചന്തു said...

ങ്‌ഹും..... കുഴപ്പോല്യാ...

അഭിലാഷങ്ങള്‍ said...

ങേ.. അതു ശരി.

ഇങ്ങനെ സ്വന്തമായി കടല്‍ക്കരയില്‍ തന്നെ അരസെന്റ് ഭൂമി (അളന്ന് നോക്കിയാല്‍ ഒരേക്കര്‍ കാണും! കൈയ്യേറിയ ഭൂമിയല്ലേ?) ഒക്കെ ഉണ്ടായിട്ടാണോ ചാളയും ആവോലിയുമൊക്കെയെടുത്ത് ആരാന്റെ പറമ്പില്‍ പോയത്? നന്നായി. ഈ പറമ്പില്‍ ഞാനും ആദ്യമായാ... എല്ലാമൊന്ന് ചുറ്റിക്കാണട്ടെ... ചെരുപ്പിട്ടിട്ടില്ല. മുള്ളോ, കൈതമുള്ളോ ഒന്നും കാലില്‍ തറിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചോണ്ട് ഇവിടൊക്കെ ഒന്ന് കറങ്ങിനടക്കട്ടെ.. :-)

അതുല്യേച്ചീ, ആ മണം പോകാന്‍ ‘റിഗ്ലിസ് ഡബിള്‍ മിന്റ് ഗം’ അല്ലേല്‍ ‘ബൂം ബൂം ബൂമര്‍’ അങ്ങിനെയെന്തെങ്കിലും മതീന്നേ.. അല്ലേല്‍ അല്പം സ്മോള്‍ അടിച്ചാലും മതി. മീനിന്റെ മണം മാറിക്കിട്ടും. പിന്നെ, നോണ്‍ വെജ് സാധനങ്ങളോടുള്ള ഇഷ്ടക്കേട്. ഒരു ദിവസം, നല്ല ചിക്കണ്‍ ബിരിയാണി തിന്നു നോക്ക്. അപ്പോ മാറിക്കോളും പ്രശ്നംസ്.. ചേച്ചീ, ജന്മം ഒന്നേയുള്ളൂ..ചുമ്മാ വേസ്റ്റാക്കിക്കളയല്ലേ! പ്ലീസ്....

:-)

കുട്ടന്‍മേനൊന്‍ said...

ഈ മത്തിപറ്റിച്ചത് എവിടത്തെ (ഏതു പ്രദേശത്തെ) പ്രിപറേഷനാണ് ?
ചാളയുടെ അയിരു കളിയാണിപ്പോ.. ദുബായീല് ചാളയ്ക്ക് വെലകുറഞ്ഞിട്ടുണ്ടോ ?
(ഓടോ : കൊളത്തീന്ന് പിടിച്ച ബ്രാലുമായി കടപ്പുറത്ത് ചെന്ന് നില്‍ക്കുന്ന ശശിയേട്ടന്റെ ആ പടം. ഉഗ്രന്‍ :) )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെ പറ്റിച്ചു നടക്കാതെ നോണ്‍ ഇല്ലാത്ത വെജ്ജിനെപ്പറ്റി വല്ലതും ഉണ്ടേല്‍ താ മാഷെയ്

konchals said...

പ്രിയ പരഞ്ഞതു തന്നെ ആണു എനിക്കും ബോധിപ്പിക്കാന്‍ ഉള്ളെ, ഇത്തിരി വെജ്ജ്‌ വല്ലതും തരുമൊ???????????

ശ്രീവല്ലഭന്‍ said...

സംഭവം കേമം. നല്ല മണവും രുചിയും ഇവടെ വരെ വരുന്നു.

പക്ഷെ ബാച്ചിപൈതങ്ങള്ക്ക് ഇത്രയൊക്കെ പേഷ്യന്‍സ് ഉണ്ടാകുമോ? ഇത്രയുമൊന്നും പ്രയാസമില്ലാതെ അല്പം ഉപ്പും കുരുമുളകുപൊടിയും (വേണേല്‍ അല്പം മുളക് പൊടിയും) ചേര്‍ത്ത് ചളേല്‍ പിടിപ്പിച്ചു ഫ്രൈ ചെയ്‌താല്‍ സംഭവം 5 മിനിട്ട് കൊണ്ടു റെഡി!

ആവനാഴി said...

കൈതമുള്‍ മാഷെ,

ഇതാപ്പെ നന്നായെ. കറി രസ്യന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ലവലേശമില്ല.

വല്യമ്മമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്: “മോളേ, അരയിലാണു കറി”.

ഇവിടെ അരയില്ല, എന്നിട്ടും കറി തകര്‍പ്പനാകും എന്നു തെളിയിക്കുന്ന കറിനിര്‍മ്മാണവൈദഗ്ധ്യം പുര നിറഞ്ഞു നില്‍ക്കുന്നു.

ഒരു ചെറിയ സംശയം: രണ്ടു തുടം വെളിച്ചെണ്ണ അര കിലോ ചാളക്കു ശ്ശി കൂടുതലല്ലേ? വെളുത്തുള്ളിയുടെ അളവും ആവശ്യത്തിലധികമായോ എന്നൊരു ശങ്ക.

ഇനി പ്രമാണം.

ഇന്ത്യനോഷനിലെച്ചാള കൈതചൊന്നകണക്കിനു
വക്കണം പുളിയും പിന്നെ മുളകുപ്പിവ‍ ചേര്‍ത്തഥ
പിറ്റേന്നുരാവിലേചോറില്‍ ചാറൊഴിച്ചു കഴിച്ചിടാം
മച്ഛഖണ്ഡങ്ങളെത്തിന്നാനുത്തമം രാത്രി തന്നെയാം!

മത്സ്യാവതാരായ നമ:

സസ്നേഹം
ആവനാഴി.

ശ്രീ said...

ഹാവൂ... കൊതിയാകുന്നു.
:)

വിന്‍സ് said...

ചാള സാധനം പെരുപ്പു തന്നെ. അതുല്യ ചേച്ചി പറഞ്ഞതു പോലെ ആ ഒരു ഉളുമ്പു മണം മാത്രമേ കുഴപ്പം ഉള്ളു, പക്ഷെ ചാള ഒത്തിരി മൊരിയാതെ വറുത്തെടുത്താ അതിന്റെ ടേസ്റ്റ് നെയ്മിന്‍ വറുത്താ പോലും ഇല്ല.

kaithamullu : കൈതമുള്ള് said...

അതുല്യേ,
പറഞ്ഞതത്രയും ശരി. നല്ല നെയ്മത്തി വരുത്താ ഏഴു ദിവസം പുര നിറഞ്ഞു നില്‍ക്കും ആ മണം. (തിന്നോനേം നാറും!)

ചന്തൂ,
ഉം....

അഭിലാഷാ,
മുള്ളില്ലാത്ത കൈതയല്ലെങ്കിലും വേദനിപ്പിക്കാത്ത കൈതയാ. സുഖായി, ധൈര്യായി കേറിയിറങ്ങിക്കോ!

മേന്‍‌ന്നേ,
ഈ വെപ്പ് എവിടത്തെയാണെന്ന് ചോദിച്ചാ ചുറ്റിപ്പോകും. നാട്ടീ അടുക്കള എവിടേന്ന് ചോദിച്ചാ അറിയാത്തോനാ!
(ഖോര്‍ഫക്കാന്‍ കടപ്പുറത്തൂന്നാ ആ ബ്രാല്‍ പിടിച്ചേ!)


പ്രിയാ, കൊഞ്ചല്‍,
നോക്കട്ടേ.
50% മാത്രേ നോണ്‍ കഴിക്കൂ. ബാക്കി മുയുമന്‍ വെജ്ജാ, ഞാന്‍!

വല്ലഭാ,
സങ്ങതി ശരി. അയലോക്കക്കാരെ ഭയക്കണ്ടേ!

ആവനാഴി മാഷേ,
ഇപ്പഴത്തെ അരയൊക്കെ എന്തര? പണ്ടത്തെ അമ്മിമേലത്തെ ആ അരയല്ലേ അര? ആ മണവും എരിവും പിന്നെ ആ താളവും....

ശ്രീ,
വാ സൌകര്യം പോലെ. പൊരിച്ച് തരാം.

വിന്‍സേ,
നല്ല നെയ്ച്ചാള കിട്ടിയാല്‍ നാട്ടില്‍ ഒരു പ്രയോഗമുണ്ട്: അല്പം ഇഞ്ചി, ചുവന്നുള്ളി, ഉപ്പ്, പിന്നെ കോലാന്‍ പുളിയുടെ തളിരില, മൂപ്പായ പച്ചക്കുരുമുളക് - ഇവ ഒന്നിച്ച് അരച്ച് മീനില്‍ തേച്ച്, വാഴയിലയില്‍ പൊതിഞ്ഞ് കണലില്‍ ചുട്ടെടുത്താല്‍ ‍..ഹാ ഹാ!