എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Tuesday, July 22, 2008

ചിക്കന്‍ മിലാനോ

ചിക്കന്‍ മിലാനോ ഉണ്ടാക്കാന്‍ ചിക്കന്‍ ബ്രെസ്റ്റ്‌ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്‌. ( എല്ലാ കഷണങ്ങളും ഒരേ വലുപ്പത്തില്‍ ലഭിക്കും. 900 ഗ്രാമിന്റെ പാക്ക്‌ ലഭ്യമാണു)


തൊലി കളഞ്ഞ്‌, വൃത്തിയാക്കി കുരുമുളക്‌ പൊടിയും ഉപ്പും ചെറുനാരങ്ങാ നീരും പുരട്ടി അര മണിക്കൂര്‍ (കൂടുതല്‍ സമയം വച്ചാല്‍‍ നല്ലത്‌) വയ്ക്കുക. എന്നിട്ട്‌ ഒരു തുടം ഒലീവ്‌ ഓയിലില്‍ പകുതി വേവും വരെ തിരിച്ചും മറിച്ചുമിട്ട്‌ വേവിക്കുക.


500 ഗ്രാം കൂണ്‍ (മഷ്‌റൂം) കൈകൊണ്ട്‌ പൊട്ടിച്ച്‌ മീഡിയം കഷണങ്ങളാക്കുക. അതില്‍ ഒരു വലിയ കപ്പ്‌ കാപ്സിക്കം, കൂണ്‍ കഷണങ്ങളുടെ അതേ വലിപ്പത്തില്‍, മുറിച്ച്‌ കലര്‍ത്തി, തവയില്‍ ബാക്കി വന്ന ഒലീവ്‌ ഓയിലില്‍ 5 മിനിറ്റ്‌ വറുത്തെടുക്കുക. ( കൂണില്‍ നിന്നും കാപ്സിക്കത്തില്‍ നിന്നും ജലാംശം കൂടുതല്‍ വന്നാല്‍, അല്പം തീ കൂട്ടി വയ്ക്കൂ, പെട്ടെന്ന് വറ്റിക്കിട്ടും). ഇതില്‍ ആവശ്യം പോലെ കുരുമുളക്‌ പൊടിയും ഉപ്പും ചേര്‍ക്കാം.ഒരു ബേക്കിംഗ്‌ പാനില്‍ ഒലീവ്‌ ഓയില്‍ പുരട്ടി, ചിക്കന്‍, മഷ്രൂം, കാപ്സിക്കം ഇവ ഇടകലര്‍ത്തിയിടുക. ഒരു തക്കാളി (ചൂട്‌ വെള്ളത്തിലിട്ട്‌ തൊലി കളഞ്ഞത്‌- blanched) അരച്ചതും അര കപ്പ്‌ ടൊമാറ്റോ പേസ്റ്റും ചേര്‍ക്കുക.ഇനി പ്രധാന മസാല ചേര്‍ക്കാം: ഒരു ടീ സ്പൂണ്‍ ഇറ്റാലിയന്‍ മസാല (ഈ പേരില്‍ തന്നെ വാങ്ങാന്‍ കിട്ടും, ഇല്ലെങ്കില്‍ പിസ്സാ മസാലയും ഉപയോഗിക്കാം) മീതെ വിതറുക. അരിഞ്ഞ പാര്‍സ്‌ലി (parsley)ലീവ്‌സും 100 ഗ്രാം ചീസ്‌ (grated cheese) ചീകിയതും വിതറി അര മണിക്കൂര്‍ നേരം ഇലക്ട്രിക്ക്‌ അവനില്‍ ബേക്‌ ചെയ്തെടുക്കുക.

ചിക്കന്‍ മിലാനോ തയ്യാര്‍!


കുറിപ്പ്‌:

-പല കളറുകളിലുള്ള കാപ്സിക്കം ഉപയോഗിച്ചാല്‍ കാണാന്‍ ഭംഗിയായിരിക്കും.
-ഗ്രേറ്റ്‌ ചെയ്ത മൊസാറെല്ലാ ചീസ്‌ പാക്കറ്റുകളില്‍ ലഭ്യം.

23 comments:

kaithamullu : കൈതമുള്ള് said...

TV യില്‍ കണ്ട ഒരു വിഭവം, ഓര്‍മ്മയില്‍ നിന്ന്.

സ്വന്തം ഇഷ്ടപ്രകാരം നമ്മുടെയൊക്കെ സ്വാദിന് ചേരും വിധത്തില്‍ രൂപപ്പെടുത്തിയെടുത്തത്.

കഴിച്ച എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു എന്ന സര്‍ട്ടിഫിക്കേറ്റ് കിട്ടിയതിനാല്‍ പോസ്റ്റുന്നു.

(മിലാനോ എന്ന പേര്‍ ....ചുമ്മാ.....)

OAB said...

നോക്കട്ടെ..

പാര്‍ത്ഥന്‍ said...

കൊത്യവാ...
നാളത്തെ ലഞ്ചിന്‌ ഇത്‌ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വരാം.

അല്ഫോന്‍സക്കുട്ടി said...

എനിക്ക് കഴിക്കാതെ തന്നെ ഇഷ്ടപ്പെട്ടു ചിക്കന്‍ മിലാനോ. ഒരു സംശയം - “500 ഗ്രാം കൂണ്‍ (മഷ്‌റൂം) കൈകൊണ്ട്‌ പൊട്ടിച്ച്‌ മീഡിയം കഷണങ്ങളാക്കുക“ - കൈ കൊണ്ട് തന്നെ പൊട്ടിക്കണോ.

ശിവ said...

ഹായ് കൈതമുള്ള്,

പല ചരക്ക് എന്ന് എഴുതി വച്ചിട്ട് ഇവിടെ ഒന്നിനേയും കാണാനില്ലല്ലോ!!!

എന്തായാലും വന്നിട്ട് നഷ്ടമായില്ല...ചിക്കന്‍ മിലാനോ എങ്കില്‍ അത്...

സസ്നേഹം,

ശിവ.

അനൂപ്‌ കോതനല്ലൂര്‍ said...

ഒന്ന് പരിക്ഷിച്ചിട്ട് തന്നെ കാര്യം

കാന്താരിക്കുട്ടി said...

പേരു കണ്ടപ്പോള്‍ തന്നെ സംഗതി ഇഷ്ടപ്പെട്ടു.. കയ്യിലിരിപ്പു കൊള്ളാല്ലോ.. നന്നായി ..

ശ്രീ said...

കൊള്ളാല്ലോ മാഷേ
:)

സ്നേഹിതന്‍ said...

നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വായിച്ചു; ആകര്‍ഷകം. :)

kaithamullu : കൈതമുള്ള് said...

അല്പുവിന് മാത്രം:
കത്തി കൊണ്ട് മുറിച്ച്, അല്പനേരം വച്ചാല്‍ രാസപരിണാമം വന്ന് കറുത്തു പോകും, കൊച്ചേ!
(പിന്നെ ഫെയര്‍ & ലവ്‌ലി തേയ്ക്കേണ്ടി വരും)

Kichu & Chinnu | കിച്ചു & ചിന്നു said...

കൊള്ളാം..ഈ ശനിയാഴ്ചത്തേക്കുള്ള പണിയായി....

അനിലന്‍ said...

പൂക്കൈതയുടെ വീട്ടില്‍നിന്ന് ചിക്കന്‍ മിലാനോ കഴിച്ചതിന്റെ പിന്നത്തെ ആഴ്ച ഒന്നു പരീക്ഷിച്ചു നോക്കി.
കാപ്സിക്കത്തില്‍നിന്നും കൂണില്‍നിന്നും വെള്ളം വറ്റുവാനുള്ള ക്ഷമയില്ലാതിരുന്നതിനാല്‍ ചിക്കന്‍ മിലാനോയില്‍ ഒരല്പം ചാറുണ്ടായിരുന്നു. (ഇതെല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.)

തകര്‍പ്പന്‍ രുചിയാണ് ട്ടാ!

കരീം മാഷ്‌ said...

ചിക്കനും മട്ടനും ഒന്നു നിയന്ത്രിച്ചതായിരുന്നു
കൈതമുള്ളെ!
പ്രലോഭിപ്പിക്കുകയാണോ?
ശരി,ശരി
നോക്കട്ട്

smitha adharsh said...

ഇതൊരിക്കല്‍ ടി.വി.യില്‍ കണ്ടിരുന്നു.അപ്പൊ,നല്ലതാണ് അല്ലെ? ഉണ്ടാക്കി നോക്കാം.

അരുണ്‍ രാജ R. D said...

മനുഷ്യര്‍ക്ക്‌ തിന്നാന്‍ പറ്റിയതാണോ..?

കുമാരന്‍ said...

ഉണ്ടാക്കി നോക്കട്ടെ.

paarppidam said...

കഴിച്ചുനോക്കാതെ ഒരു നിലക്കും സർട്ടിഫിക്കേറ്റ് നൽകുവാൻ പറ്റില്ല കൈതമുള്ളേട്ടാ....

പിന്ന്നെ ഇത്ത്രം കുറിപ്പ് ഇറക്കുന്നതും ആളുകളെ എഴുതി കൊതിപ്പിക്കുന്നതും ഭൂലോക കൊതിയാക്ടുപ്രകാരം കൊതിപ്പിക്കപ്പെടുന്നവർക്ക് ഒരു ചായമുതൽ വെള്ളിയാശ്ചത്തെ ഫുൾശാപ്പാടുവരെ നൽകുവാൻ തക്കവണ്ണം കുറ്റകരമാണ്....

kaithamullu : കൈതമുള്ള് said...

പോസ്റ്റി രണ്ടര മാസത്തിന് ശേഷം പാര്‍പ്പിടത്തിന്റെ കമെന്റ് കണ്ടത് കൊണ്ടാ ഇപ്പോ:

ഉണ്ടാക്കിയ വിഭവങ്ങളില്‍ തകര്‍ത്തോടിയത് ചിക്കന്‍ മിലാനോ ആണെന്ന് തോന്നുന്നു. പിള്ളര്‍സ്, യുവര്‍സ്,മച്ചുവര്‍സ് എല്ലാരും ഒറ്റസ്വരത്തില്‍ പറയുന്നൂ: “യിവനല്ലെ, യവന്‍“ എന്ന്.

പിന്നെ ഹെല്‍ത്തി ചിക്കന്‍!
-ഗള്‍ഫ്, സ്വിസ്, ജര്‍മന്‍, ഇറ്റലി എല്ലായിടത്തും, സായിപ്പന്മാരുടെ ഇടയില്‍ പോലും, താരമായി അവന്‍. നമ്മുടെ അംബിയുള്ളതോണ്ട് യുകെയിലും!

പരീക്ഷിക്കാത്തവര്‍ക്ക് ഇനിയും ചാന്‍സുണ്ട്.
-കടന്ന് വരു, കടന്ന് വരൂ!

പാര്‍പ്പിടം:
ചുമത്തിയ കുറ്റമേറ്റെടു‍‍ക്കുന്നു.
ഇന്ന് മുതല്‍ വാലിഡ് ആയ ക്ഷണപത്രം....
അഡ്രസ്സ്?

ജെപി. said...

ഇതൊക്കെ വായിക്കുമ്പോള്‍ വായില്‍ വെള്ളം ഊറുന്നു.
കൊറച്ചധികം ദൂരത്താണല്ലോ. അല്ലെങ്കില്‍ വരാമായിരുന്നു.

Sureshkumar Punjhayil said...

Ithu kollamallo... Bharyakku parajukodukkam... Thanks ketto..!!

ജെ പി വെട്ടിയാട്ടില്‍ said...

ഇങ്ങിനെയും ഒരു ഐഡി ഉള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ലാ.
ഞാന്‍ ഇന്ന് വൈകിട്ട് പരീക്ഷിക്കുന്നുണ്ട് ഈ വിഭവം. ഉണ്ടാക്കാന്‍ സിമ്പിള്‍ ആണല്ലോ? പിന്നെ അത് തിന്നും കൊണ്ട് എന്റെ മിലാനിലുള്ള സ്നേഹയെ ഓര്‍ക്കുകയും ചെയ്യാമല്ലോ?

kaithamullu : കൈതമുള്ള് said...

അതെ ജേപി, ഇങ്ങനേയും ഒരു ബ്ലോഗ് ഉണ്ട്. ഭാര്യ പിണങ്ങിയാലും വിശന്നിരിക്കേണ്ടി വരില്ലല്ലോ!
വിഭവം പരീക്ഷിച്ച് നോക്കിയോ?
(ആരോഗ്യപരമായും അധികം കുഴപ്പുമുണ്ടാക്കാത്ത ഡിഷ് ആണ്. ചീസ് വേണ്ടെന്ന് വച്ചാ മതി)

Sapna Anu B.George said...

Another good recipie.was making fun of cooking of were you really enjoying the versetile taste??