എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, June 18, 2007

ബാച്ചികള്‍ അടുക്കളയില്‍ -2 : പാവയ്ക്ക ഉപ്പേരി

വീട്ടില്‍ കയറിയയുടനെ പാവയ്ക്ക കൈയിലെടുക്കുക. കനം കുറച്ച് വട്ടത്തിലരിയുക. അല്പം മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത്, അരിഞ്ഞ കഷണഞ്ഞളില്‍ പുരട്ടി വയ്ക്കുക.

ഇനി യൂണിഫോം മാറി ഫ്രഷ് ആയി അടുക്കളയിലേക്ക് വീണ്ടും:

സ്റ്റൌവ് കത്തിച്ച് ഫ്രൈയിംഗ് പാനില്‍ ഒരു ടേ സ്പൂണ്‍ എണ്ണയെടുക്കുക. അഞ്ചാറ് ചുവന്നുള്ളിയും രണ്ട് വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക. മൂത്ത് വരുമ്പോള്‍ പാവയ്ക്ക ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റ് മൂടി വയ്ച്ച് വേവിക്കുക. ഇളക്കി ഒരു മിനിറ്റ് കൂടി പാകം ചെയ്താല്‍ പാവയ്ക്ക മെഴുക്കുവരട്ടി (ഉപ്പേരിയെന്നും പറയും ചിലര്‍) റെഡി!

കുറിപ്പുകള്‍:

-പാവയ്ക്ക അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്.
-കയ്പ് അധികം ഇഷ്ടമില്ലെങ്കില്‍, മസാ‍ല പുരട്ടും മുന്‍പ്, അല്പം ചെറുനാരങ്ങ നീര്‍ കഷണങ്ങളില്‍ പുരട്ടിയാല്‍ മതി.
- വേണമെങ്കില്‍ വേപ്പില ചേര്‍ക്കാം, ഒരു പച്ചമുളകരിഞ്ഞതും.

ഇനി, കരുകരുപ്പായി തിന്നണമെങ്കില്‍, ഫ്രൈയിംഗ് പാനില്‍ അധികം എണ്ണ ഒഴിച്ച് മറ്റു ചേരുവകള്‍ ചേര്‍ക്കാതെ വറുത്തെടുക്കുക.

14 comments:

Kaithamullu said...

ഭാര്യക്ക് ലീവ് കൊടുത്ത് നാട്ടില്‍ വിടുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ചെയ്യുന്ന ചില ലൊട്ടുലൊടുക്ക് പരീക്ഷണങ്ങളാണ് ഇവിടെ ബാച്ചികളുടെ ക്ഷേമാര്‍ഥം പോസ്റ്റുന്നത്.

എനിക്കൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ധൈര്യമായി പരീക്ഷിച്ചോളൂ.

ഉണ്ണിക്കുട്ടന്‍ said...

ബാച്ചികളെ കയ്പ്പു നീരു കുടിപ്പിക്കാനുള്ള ശ്രമമാണോ.? അവസാനം പറഞ്ഞ് ഫ്രൈ ട്രൈ ചെയ്യണം .

സാരംഗി said...

കൈതമുള്‍സേ..കഴിഞ്ഞ ദിവസം പറഞ്ഞുതന്ന മോരുകറിയും ഇതും കൂടെ നല്ല കോമ്പിനേഷന്‍ ആണു.

കാളിയമ്പി said...

കൈതമുള്‍കാര്‍ണോരേട്ടാ..ആ പുരട്ടിവയ്ക്കുന്ന വിദ്യയ്ക്കാണ് പോയിന്റ്..ഞാനിപ്പം കുറെനാളായി വെജിറ്റേറിയനാ(സത്യമായും..ഒന്ന് രണ്ട് മാസമായി) ഇത് പോലുള്ള വിദ്യകള്‍ പോരട്ടേ..
തൈരും ഈ മെഴുക്കൂരട്ടിയും..എന്നെ കൊല്ല്..

myexperimentsandme said...

എന്റെ ഫര്‍വറിറ്റല്ലേ കൈതയണ്ണന്റെ ഈ രണ്ട് പോസ്റ്റുകളും. മോരുകറിയും പാവയ്ക്കാ മെഴുകുപുരട്ടിയും. ഞാന്‍ ഇവനെ നല്ലവണ്ണമെന്നപോലെ ഫ്രൈ ചെയ്യും-അവസാനം കരിയും. എന്നാലും തിന്നും.

സ്വല്പം പുളിയുള്ള കൊഴുത്ത തൈരും പാവയ്ക്കാ മെഴുകുപുരട്ടിയും നാരങ്ങാ അച്ചാറും.... പിന്നെന്ത് വേണം...കുഴച്ച് കുഴച്ചടിയ്ക്കണം.

നന്ദി, നന്ദി, നന്ദി ഈ രണ്ട് പോസ്റ്റുകള്‍ക്കും. ഇന്റെ പാചകരീതി സ്വല്പം വ്യത്യാസമാണ്. അതുകൊണ്ട് അടുത്ത തവണ പരീക്ഷണം ഇത് രണ്ടും.

സു | Su said...

പാവയ്ക്കയാണെനിക്കിഷ്ടം.

അങ്കിള്‍. said...

കൈയ്പ്‌ മാറുന്നില്ലല്ലോ, കൈതമുള്ളേ, നാരങ്ങാ പോരാത്തതുകൊണ്ടാണോ?

മുസ്തഫ|musthapha said...

പാവയ്ക്കയുടെ കുരു കത്തികൊണ്ട് കളയണം പോലും - കൈ തൊട്ടാല്‍ കൈപ്പ് കൂടുമത്രേ!

ആരെങ്കിലും ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ?

:)

Kaithamullu said...

വിവാ‍ഹിതരല്ലേ ഉണ്ണിക്കുട്ടാ, അധികം കയ്പ്നീര്‍ കുടിക്കേണ്ടി വരുന്നത്? ഫ്രൈ ട്രൈ ചെയ്തോ?

സാരംഗീ,
മോരുകറി,പാവക്ക തോരന്‍ - എനിക്കും ഇഷ്ടമാണീ കോമ്പിനേഷന്‍.

അംബീ,
ഇനിയും ഏറെ നാള്‍ വെജ് ആയീ ഭവഃ

വക്കാരീ,
ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം. നമ്മള്‍ ഓരോ പ്രാവശ്യം പാചകം ചെയ്യുമ്പോഴും ഓരോ പരീക്ഷണങ്ങളാകുന്നു. മഹിളാമണികള്‍ക്കോ എല്ലാം കരതലാമലകം!

സൂ,
അവസാനം സൂവിന്നിഷ്ടമുള്ള ഒരു വിഭവം! ദാങ്ക്സ്!

അങ്കിള്‍,
കൈപ്പില്ലെങ്കില്‍ പിന്നെ കൈപ്പക്കയെ എന്ത് വിളിക്കും?
കോണ്ടാട്ടം പോലെ ഫ്രൈ ചെയ്ത് നോക്കൂ.

അഗ്രൂ,
ജീവിതത്തില്‍പോലും കൈകൊണ്ടൊന്നു തൊട്ടാല്‍ എന്തിനും കൈപ്പ് കുറയുകയേയുള്ളൂ. പിന്നേയാ....
-ഞാന്‍ കേട്ടിട്ടില്ലാ ട്ടോ!

-എല്ലാര്‍ക്കും നന്ദി!

ആവനാഴി said...

പ്രിയ കൈതമുള്‍,

ഇന്നാണല്ലോ കൈതമുള്‍ പലചരക്കുകടയില്‍ നിന്നു കുറച്ചു സമയം കണ്ടെത്തി അടുക്കളയില്‍ കയറി പാചകരംഗം കയ്യടക്കുന്ന രംഗം കണ്ടത്.

ഗോള്‍ഫു കളിയില്‍ പന്തിനിട്ടു കീച്ചുന്നതിനു മുമ്പ് ചില അഭ്യാസങ്ങളൊക്കെ ഉണ്ട്. അതാണ് കാലുകള്‍ അകത്തിയും അടുപ്പിച്ചും വച്ചുനോക്കുക, പന്തു തൊടാതെ വടിയൊന്നു വീശുക തുടങ്ങിയവ. ഇങ്ങിനെ പല പരാക്രമങ്ങളും കാണിച്ചതിനു ശേഷമാണു കാര്യത്തിലേക്കു കടക്കുക.

ഇവിടെ ആദ്യം പാവക്കയെ കത്തികൊണ്ട് പീഡിപ്പിച്ചതിനുശേഷമാണു യൂണിഫോം അഴിക്കുക തുടങ്ങിയ വിദ്യകള്‍ കാണിക്കുന്നതെന്നു മാത്രം.

പാവക്ക മെഴുക്കുവരട്ടി എനിക്കു വളരെ ഇഷ്ടപ്പെട്ടു. ശകലം , ഇഞ്ചി ചുവന്നുള്ളി ഇവ ചതച്ചുചേര്‍ത്ത മോരില്‍ പച്ചമുളക് കീ‍റിയതും കരിയാപ്പിലയും ഉപ്പും കൂടി ചേര്‍ക്കുക.

ചോറുണ്ണാന്‍ ഇതില്‍പ്പരം വേറൊന്നും വേണമെന്നില്ല.

കൂടെ ഒരു കഷണം ഉണക്കൈല വറുത്തതുകൂടി ഉണ്ടെങ്കില്‍ ആ ഊണു ദിവ്യമായ ഒരനുഭൂതിയെ പ്രദാനം ചെയ്യുന്നതായി കാണാം.

പോരട്ടെ ഇനിയും.

സസ്നേഹം
ആവനാഴി

Kaithamullu said...

നാട്ടിലെ മോരിന്റെ കാര്യമോര്‍ത്തപ്പോള്‍ എനിക്കും വായില്‍ വെള്ളം നിറഞ്ഞു. അഡീഷനല്‍ ആയി രണ്ട് നാരകത്തിന്റെ ഇല കൂടി പിച്ചിയിട്ട് വെള്ളം ധാരാളമൊഴിച്ച സംഭാരം എത്ര കുടിച്ചാലാണ് മതി വരിക?

നന്ദി, ആവനാഴി മാഷേ, വീണ്ടും വരിക.

Dinkan-ഡിങ്കന്‍ said...

ഇനി ഇതും പരീക്ഷിക്കാം. ഗിനിപ്പന്നിയാകില്ലല്ലോ അല്ലേ? :)

Kaithamullu said...

ഡിങ്കാ,
ഏറെ നാളായല്ലോ, ഒളിച്ച് കളിയാ?
(ഇനിയെന്ത് ഗിനിപ്പന്നിയാകാനാ എന്ന് ചോദിക്കുന്നില്ലാ, ട്ടോ?)

Visala Manaskan said...

ഡിയര്‍ കൈത മുള്‍സ്,

ഇന്നലെ ഞാന്‍ കൈപ്പക്ക ഉപ്പേരി പൂശാന്‍ വേണ്ടി, ലുലു ഹൈപ്പറീ പോയി കൈപ്പക്ക അന്വേഷിച്ചു.

ഞാന്‍ ചെല്ലുമെന്ന് അറിഞ്ഞതുകൊണ്ടോ എന്തോ ചവിട്ടി തിരുമ്മ്‌ കഴിഞ്ഞ് കിടക്കണ രോഗിയുടെ പോലെയാ എല്ലാ കൈപ്പക്കേം.

നിന്നെ ഞാന്‍ പിന്നെ എടുത്താളം ഡാ എന്ന് പറഞ്ഞ് സംഭവം വാങ്ങാതെ പോന്നു.

നോക്കിക്കോ! ഞാന്‍ ഭാവിയില്‍ ഭയങ്കരമാന ഒരു കുക്കായി മാറിയാല്‍ അതിന്റെ ഫുള്ളുത്തരവാദിത്വോം കുറുമാനും കൈതമുള്ളിനും ആയിരിക്കും.