എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Tuesday, July 3, 2007

ബാച്ചികള്‍ അടുക്കളയില്‍ -4 : ബാച്ചി സലാഡ്

തപ്പുമ്പോള്‍ കൈയില്‍ തടയേണ്ട സാധനങ്ങള്‍:

സബോള - 1
തക്കാളി - 1
ക്യാബേജ്‌ - 1 കഷണം
കാരറ്റ്‌ - 2 എണ്ണം
കുക്കുംബര്‍ - 2 എണ്ണം

പ്രയോഗിക്കേണ്ട വിധം:

കഷണങ്ങള്‍ മുഴുവന്‍ തോന്നിയപോലെ ചെറുതായി വെട്ടിനുറുക്കുക.ഇത്തിരി ഉപ്പും കുരുമുളക്‌ പൊടിയും മീതെ തൂവുക. (അധികം എരിവ്‌ വേണ്ടവര്‍ ഒരു പച്ചമുളക്‌ കുരുകുരാ അരിഞ്ഞിടുക). ചെറുനാരങ്ങായുടെ പകുതിയെടുത്ത്‌ കുരു കളഞ്ഞ്‌ പിഴിഞ്ഞൊഴിക്കുക. കൈകൊണ്ട്‌ എല്ലാം കൂടി യോജിപ്പിക്കുക.(ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കില്‍,പാത്രത്തില്‍ നിന്നും പുറത്ത്‌ പോകാത്ത വിധത്തില്‍ 'ടോസ്സ്‌' ചെയ്യാം).

ഇനി, ദിവസവും ഉപയോഗിക്കുമ്പോള്‍ മടുപ്പ്‌ തോന്നാതിരിക്കാന്‍, അവനവന്റെ ഇഷ്ടം പോലെ ഈ സലാഡ്‌ മോഡിഫൈ ചെയ്തുപയോഗിക്കാം.

1)കൂടുതല്‍ ഗ്രീന്‍ ലീവ്സ്‍, വെജിറ്റബിള്‍, തൈര്‍, സീഡ്‌ലസ് ഒലീവ്സ്, പിക്കില്‍ഡ് കുക്കുംബര്‍, ചില്ലീസ് ഇത്യാദികള്‍ ചേര്‍ത്ത്‌.

2)ആപ്പിള്‍, മാമ്പഴം,ഓറഞ്ച്‌, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞ്‌ ചേര്‍ത്ത്‌.

3)കോഴി, ആട്‌, ബീഫ് മാംസങ്ങള്‍ (കറി വച്ച കഷണങ്ങള്‍ ആയാലും മതി) എല്ലില്ലാതെ അരിഞ്ഞിട്ട്‌.
(കൂടെ മയൊണൈസ്‌ ചേര്‍ക്കാന്‍ മറക്കാതിരിക്കുക).

4)ടിന്നില്‍ കിട്ടുന്ന സല്‍മന്‍ ഫിഷ്‌, കുക്ക്ഡ് ചിക്കന്‍, ബീഫ്‌ എന്നിവ അരിഞ്ഞ്, മയോണൈസ് ചേര്‍ത്ത്.

5)പയര്‍, നിലക്കടല, ഫ്രോസന്‍ വെജിറ്റബിള്‍ ഇവയിലേതെങ്കിലും അല്പം ഉപ്പിട്ട് പുഴുങ്ങിച്ചേര്‍ത്ത്.(മുളപ്പിച്ച പയര്‍ ഫ്രഷ് ആയി ചേര്‍ക്കാം)

22 comments:

kaithamullu : കൈതമുള്ള് said...

ചൂട് കാലമാണ് പിള്ളേരേ,

ചിക്കനും ബീഫും മാത്രം കഴിച്ച് വയറും ശരീരവും കേട് വരുത്താതെ.

പച്ചക്കറി കഴിക്കാന്‍‍ പറഞ്ഞാ ഉടന്‍ സാംബാര്‍ ഉണ്ടാക്കും, അല്ലെങ്കി രസം.(രണ്ടിന്റേം പൊടി റെഡിയല്ലേ?)

പോരാ, ദിവസവും എന്തെങ്കിലും സലാഡ് ഉണ്ടാക്കി കഴിക്കുക. സ്വല്പമെങ്കിലും വെജ്. വയറ്റീചെല്ലെട്ടെന്നേ..

അധിക സമയം വേണ്ടാ, പ്രയാസവുമില്ല ഇതുണ്ടാക്കാ‍ന്‍. എതാ, ശ്രമിക്കയല്ലേ?

കരീം മാഷ്‌ said...

സാലഡില്‍ നോണ്‍ വെജ് ചേര്‍ക്കുന്നതു ആദ്യമായിട്ടു കാണുകയാ...
സാമ്പിള്‍ നോക്കെട്ടെ!
എന്നിട്ടു പറയാം.

(കോഴി, ആട്‌ എന്നീ മാംസങ്ങള്‍ (കറി വച്ച കഷണങ്ങള്‍ ആയാലും മതി) എല്ലില്ലാതെ അരിഞ്ഞിട്ട്‌.
(കൂടെ മയൊണൈസ്‌ ചേര്‍ക്കാന്‍ മറക്കാതിരിക്കുക).

തറവാടി said...

കൈതമുള്ളെ ,

എങ്ങിനെ , നല്ല , മൃദുലമായ പുട്ടുണ്ടാക്കാമെന്നൊരു പോസ്റ്റിടൂ , :)

കുറുമാന്‍ said...

അത് ശരി, ഇപ്പോ പാചകരംഗത്താ കളി അല്ലെ? കൊള്ളാം........നല്ലത് തന്നെ ശശ്യേട്ടാ.....

kaithamullu : കൈതമുള്ള് said...

കരീം മാഷേ,

എന്നും ഒരേ പോലത്തെ സലാഡ് കഴിക്കുമ്പോള്‍ മടുക്കാതിരിക്കാനാ ഈ എക്സ്ട്രാ പ്രയോഗങ്ങള്‍.
(ഒരു തെറ്റൊക്കെ ഏത് ൠഷിരാജ് സിംഗിനും പറ്റില്ലേ, മാഷേ?)
-പ്രയോഗിച്ചറിയിക്കുമല്ലോ?

തറവാടീ,
അതൊരു പുട്ട് പ്രേമിയുടെ മാത്രം ശബ്ദമല്ലല്ലോ?
സത്യം പറഞ്ഞാ മൃദുലമായ പുട്ട് ഉണ്ടാക്കാനെനിക്ക് പറ്റിയിട്ടില്ല, ഇത് വരെ.

കുറൂ,
തട്ട് മാറിക്കളിച്ചതല്ലാ, ഇതൊക്കെ ഒരു ഹോബിയല്ലേ?
എല്ലാരുമായി പങ്ക് വച്ചുവെന്ന് മാ‍ത്രം.

വല്യമ്മായി said...

ഏറ്റവും മൃദുലമായ പുട്ട് ഉണ്ടാക്കുവാന്‍ ചോറ് വെക്കുന്ന അരി രാത്രി വെള്ളത്തിലിട്ട് രാവിലെ മിക്സിയിലിട്ട് പൊടിച്ച് പുട്ടുണ്ടാക്കിയാല്‍ മതി.

8.30തുടങ്ങുന്ന ക്ലാസ്സിലേക്ക് ഓടുന്നതിനിടെ ഇതൊക്കെ എത്ര ഉണ്ടാക്കി കൊടുത്തതാ :(

ബീരാന്‍ കുട്ടി said...

കൈതമുള്ളെ,
ബ്യാച്ചികള്‍ ഇത്‌ കേട്ടാല്‍ ഓടിയിടത്ത്‌ ഫക്റ്റംഫോസ്‌ 50-50 ചാക്കിട്ടാലും പുല്ല്‌ പോയിട്ട്‌ കല്ല് പോലും കാണില്ല.

ഓ.ടോ.
കരീം മാഷെ, എന്താ ഒരു ഉസാറ്‌ സാലഡെന്ന് കേട്ടാ അപ്പോ ചാടി വിഴും ല്ലെ.

വല്യമ്മായിയെ,
ഇപ്പോഴല്ലെ കാര്യങ്ങളുടെ കിടപ്പ്‌ പിടിക്കിട്ടിയത്‌, അതാണാല്ലെ മൃതുലമായ പുട്ട്‌ തിരഞ്ഞുനടക്കുന്നത്‌. വല്യമ്മായി എങ്ങനെ പുട്ടുണ്ടാക്കിയാലും മൃതുലമാവില്ല. പുട്ട്‌, പുട്ട്ന്ന് പറഞ്ഞാല്‍ ചുറ്റിക ഫ്രീകിട്ടുന്ന സൈസ്‌ പുട്ടവണം, വിട്ടില്‍ നല്ല മിസ്കിയും വോണം.

kaithamullu : കൈതമുള്ള് said...

വല്യമ്മായീ,

ഞാനായിട്ട് ഒരു ഘര്‍ഷണം വേണ്ടാ എന്നു വച്ചാ തുറന്ന് പറയാതിരുന്നേ!
(തറവാടിക്കിപ്പം ഇഷ്ടം മൃദുലയാ...)

ബീരാന്‍‌കുട്ടിക്കാ,
ബ്യാച്ചികളെ നന്നാവാന്‍ (പിസിക്കലായിട്ടാ‍ ട്ടോ)സമ്മതിക്കൂലാ, ല്ലേ?

വല്യമ്മായി said...

ബീരാനേ,കൈതമുള്ള് ചേട്ടാ,ഞാന്‍ പറഞ്ഞ രീതിയില്‍ പുട്ട് ഉണ്ടാക്കിയാല്‍ പൊടി നനക്കുന്ന ബുദ്ധിമുട്ടുമില്ല,നല്ല സോഫ്റ്റുമാണ്.

മുസാഫിര്‍ said...

ശശിയേട്ടാ,
സലാഡിന്റെ സാമ്പീള്‍ കുറച്ച് കിട്ടുമോ ?

ബീരാന്‍ കുട്ടി said...

വല്ല്യമായി,
പുട്ടിന്റെ പരിപാടി ഞാന്‍ നിര്‍ത്തി. പുട്ട്‌ തിന്നാന്‍ അഗ്രഹം ഒരു കാരണവുമില്ലതെ മനസ്സില്‍ തോന്നിയപ്പോള്‍, ഇന്ന് പുട്ടുണ്ടാക്കാമോ എന്ന ചോദ്യത്തിന്റെ ഉത്തരം പുട്ടുണ്ടാക്കാന്‍ പത്തിരി ചട്ടി വേണമെന്ന എന്റെ സ്വന്തന്‍ ബീവി പറഞ്ഞിട്ട്‌ പത്തിരി ചട്ടി തിരഞ്ഞ്‌ നടന്ന് മടുത്ത അന്ന് മുതല്‍ പുട്ടിന്റെ ഫോട്ടോ കണുന്നത്‌പോലും എനിക്ക്‌ പേടിയാ, വെറുതെ എന്തിനാ, നിങ്ങള്‍ എന്റെ ഒരു നല്ല ബീകെന്റ്‌ പട്ടിക്കിട്ട്‌ കെടുക്കുന്നത്‌.


ഞാനില്ലെ. ആ കളി വേണ്ടട്ടാ.

മുള്‍ജീ,
മെന്‍റ്റാലീ ബ്യാച്ചികള്‍ ഫിറ്റാന്ന കേട്ടത്‌.

കുട്ടമ്മേനൊന്‍| KM said...

സലാഡ് ഇപ്പോ കഴിക്കുന്നത് നല്ലതാ. തക്കാളി അല്പം കുറക്കുന്നതും നല്ലത്.

വല്യമ്മായിയേ, ഒണക്കലരി വറുക്കാതെ എങ്ങനെയാണ് പുട്ടുണ്ടാക്കുന്നത് ? പച്ചപ്പൊടി നനച്ചുകഴിഞ്ഞാല്‍ പിന്നെ ദോശപരുവമാവില്ലേ..

അഞ്ചല്‍കാരന്‍ said...

വല്യമ്മായി പറഞ്ഞമാതിരി പുട്ടുണ്ടാക്കാന്‍ പച്ചരി വെള്ളത്തില്‍ ഇടാന്‍ ബീടരോട് പറഞ്ഞിട്ടുണ്ട്. ബീടര്‍ക്ക് അത്ര സുഖിച്ചിട്ടില്ല. കുളമാകുമെന്നാണ് പറയുന്നത്. നാളെ കാലത്ത് ഈ പോസ്റ്റില്‍ തന്നെ റിസല്‍ട്ട് ഇടുന്നത് ആയിരിക്കും.

ആവനാഴി said...

പ്രിയ കൈതമുള്‍,

“തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധങ്ങള്‍” ഇന്ന ഇന്നതായിരിക്കണമെന്നു മുള്ള് നിര്‍ദ്ദേശിച്ചപ്രകാരം കണ്ണടച്ച് രണ്ടും കല്‍പ്പിച്ച് ഒരു തപ്പാ തപ്പി.

തടഞ്ഞ സാധനങ്ങള്‍ താഴെ കൊടുക്കുന്നു:

1. ഉരുളക്കിഴങ്ങ് രണ്ട്
2. പച്ചമുളക് ഒന്നു


പിന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നാലായി നെടുകെ കീറി. പിന്നെ അവ കുറുകെ തളിരായി അരിഞ്ഞു. പച്ചമുളക് ജൂലിയന്‍ എന്ന ഘോരകൃത്യത്തിന്നിരയാക്കി മാറ്റി വച്ചു.

പിന്നെ ചീനച്ചട്ടിയില്‍ ശകലം എണ്ണ ഒഴിച്ചു നല്ലവണ്ണം ചൂടായപ്പോള്‍ ഒരു ഉണക്കമുളകു മുറിച്ചതും കടുകും എറിഞ്ഞു.

കടുകുമണികള്‍ കൊച്ചു ഗുണ്ടുകള്‍ പോലെ പൊട്ടിക്കഴിഞ്ഞപ്പോള്‍ ഉണക്കമുളകിന്റെ ദേഹം കരിവാളിച്ചിരുന്നു.

പിന്നെ അതിലേക്കു പൊട്ടേറ്റോയുടെ മട്ടകോണ വൃത്തഖണ്ഡങ്ങളെ സന്നിവേശിപ്പിച്ചു. അപ്പോള്‍ ഒരു ശീല്‍ക്കാരം കേള്‍ക്കായി. അല്‍പ്പം ഉപ്പും, മഞ്ഞള്‍‍പ്പോടിയും ഒപ്പം പച്ചമുളകു ജൂലിയനുകളും ചേര്‍ത്ത് ചട്ടകത്താല്‍ ഇളക്കി ഏതാണ്ട് കറുമുറുപ്രായത്തോടടുത്തുവരവെ വാങ്ങി തൈരു ക്കൂട്ടിക്കുഴച്ച ചോറിനുപദംശമായി ആഹരിച്ചു.

ശേഷം കസേരയില്‍ മലര്‍ന്നുകിടന്നു സബോള തക്കാളി മുട്ടക്കൂസാദികള്‍ വാങ്ങി മുറിയുടെ ഒരു മൂലയില്‍ നിക്ഷേപിക്കണമെന്നും അവിടെ കയ്യിട്ടുവാരണമെന്നും തീര്‍ച്ചപ്പെടുത്തി അത്തരമൊരു ബാച്ചിസല്ലാഡുണ്ടാക്കി കോഴി പൊരിച്ചതിന്റെ കൂടെ ആഹരിച്ചാല്‍ കിട്ടാന്‍ പോകുന്ന രസത്തെ ഓര്‍ത്ത് സുന്ദരസ്വപ്നം കണ്ടുറങ്ങി.

സസ്നേഹം
ആവനാഴി

വല്യമ്മായി said...

കുട്ടന്മെനോന്‍,പുഴുങ്ങലരി വെള്ളത്തിലിട്ട് രാവിലെ വെള്ളം ഊറ്റി കളഞ്ഞ് അധികം ഉണങ്ങുന്നതിന് മുമ്പ് ആണ് പുട്ട് ഉണ്ടാക്കേണ്ടത്.സാധാരണ ആനക്കരയൊക്കെ നന്നായി കഴുകി ഉണക്കി പൊടിച്ച ഉണ്‍ങ്ങലരി(അവിടെ തന്നെ കൊയ്തെടുത്തത് പുഴുങ്ങാതെ നെല്ല് കുത്തിയത്) വറുക്കാതയാണ് സൂക്ഷിക്കാറ്,സാധാരണ പച്ചരി പുട്ടിനേക്കാള്‍ രുചിയും കൂടും.

അഞ്ചല്‍ക്കാരാ,പച്ചരി ഞാന്‍ ടെസ്റ്റ് ചെയ്തിട്ടില്ല.ചോറ് വെക്കുന്ന അരിയാണ് ഉപയോഗിച്ച് നോക്കിയിട്ടുള്ളത്

വല്യമ്മായി said...

കുട്ടന്‍ മേനോന്‍,കുതിര്‍ത്തി പൊടിച്ച പൊടി നനക്കേണ്ട ആവശ്യമില്ല.

കൈത മുള്ള് ചേട്ടാ,മാപ്പ് സാലഡിനെ പുട്ട് ക്ലാസ്സാക്കിയതിന്.

kaithamullu : കൈതമുള്ള് said...

വല്യമ്മായി,
പുട്ട് ക്ലാസ്സിന് നന്ദി. നാളെ ഇതേപോലെ ഒന്നുണ്ടാക്കി നോക്കണം.(നേരത്തേയെണീറ്റാല്‍, ഭാര്യ അതിനകം പെരിയാര്‍ റൈസിന്റെ പുട്ടുപൊടി കുഴച്ചില്ലേല്‍)
- മൃദുലയാകുമോ എന്നിപ്പഴും സംശം!

മേന്‍‌ന്നേ,
ദാങ്ക്സ്.

മുസാഫിര്‍,
തനിയേ താമസിക്കുമ്പോഴാ ഈ മാതിരി ലൊട്ട്‌ലൊട്ക്ക് വിദ്യകള്‍. ഒരു കറുമുറാ സലാഡ് പരീക്ഷണഘട്ടത്തിലാണ്. അതുണ്ടാക്കുമ്പൊ കുറച്ച് തരാം.(അഭിപ്രായമറിഞ്ഞ ശേഷം പോസ്റ്റാമല്ലോ.)


ആഞ്ചല്‍(!)ക്കാരാ,
ബീടര് , പറഞ്ഞാ കേട്ടില്ലേല്‍, പേര് ഒന്ന് മോഡിഫൈ ചെയ്യണം. (ആരോഗ്യത്തോടെ നാളെ റിസല്‍റ്റ് ഇടാന്‍ വരുമല്ലോ?)

ബീരാന്‍‌ക്കാ,
പത്തിരിപ്പൂട്ട്?
- ബീവീന്റെട്‌ത്ത് പറ ഇഡ്ഡലിയാ വേണ്ടേന്ന്.എന്നിട്ട് ചട്ടി വാങ്ങ്.(വാങ്ങിക്കോ, എന്തെങ്കിലും കാര്യത്തിനുപയോഗിക്കാല്ലോ?)

ആവനാഴീ,
രസിച്ചു. നമ്മള്‍ ഉണ്ടാക്കുന്ന ഒറ്റ വിഭവം പോലും ഈ പെണ്‍കള്‍ക്കുണ്ടാക്കാനാകുമോ?
-‘റിപീറ്റിറ്റ്’ എന്നാരെങ്കിലും പറഞ്ഞാ പെട്ടുപോകയേ ഉള്ളൂ. (രണ്ടാമതും ഉണ്ടാക്കിയാ‍ ‘ഡിഷ്” വേറെയാകും.)

അഞ്ചല്‍കാരന്‍ said...

പരീക്ഷണ റിസല്‍ട്ടിനായി കാത്തിരിക്കുന്ന ബുലോക സമക്ഷം റിസല്‍ട്ട് സമര്‍പ്പിക്കുന്നു.

രാവിലെ കുതിര്‍ത്ത പച്ചരി മിക്സിയിലിട്ട് പൊടിച്ച് പുട്ടുണ്ടാക്കിയിട്ട് അടുത്ത ഗ്രോസറിയില്‍ നിന്നും കുബ്ബൂസും ചിക്കുറ്റയും (ഗള്‍ഫിലെ ലഭിക്കുന്ന ഒരു തരം പഴം) വാങ്ങി കഴിച്ച് ഓഫീസിലേക്ക് പോയി.

“ഇനിമേലാല്‍ ബ്ലോഗിലെ പാചകം കൊണ്ടിങ്ങോട്ട് വരരരുത്” എന്ന നിര്‍ദ്ധോഷമായ ഒരു താക്കീത് മാത്രമേ ബീടരില്‍ നിന്നും ലഭിച്ചുള്ളു.

അഞ്ചല്‍കാരന്‍ said...

“വല്യമ്മായി പറഞ്ഞമാതിരി ഇനി നമ്മുക്കൊന്ന് പുഴുക്കലരിയില്‍ പരീക്ഷിക്കാമെന്ന്” പറഞ്ഞപ്പോള്‍
ബീടരുടെ ഒരു ക്രൂര നോട്ടം, കൂടെ “അവരുടെ മെയില്‍ I.D. ഇങ്ങ് താ. എന്താ വേണ്ടതെന്ന് എനിക്കറിയാം” എന്ന ഒരു ഭീഷണിയും.

പരീക്ഷണത്തിന് ഫുള്‍സ്റ്റോപ്പ്.

sandoz said...

അഞ്ചലേ...അത് പറയരുത്...
ബൂലോഗത്തിലെ പാചകശിരോമണികളെ മൊത്തം കരി ഓയില്‍ ഒഴിക്കരുത്.....

എന്റെ പാചകങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ.....

എന്റെ കൊറിയന്‍ പാചകരീതികള്‍ താങ്കള്‍ പരീക്ഷിക്കൂ.....
ഹോണോലുലു രീതികള്‍ ബീടര്‍ പരീക്ഷിക്കട്ടെ..
റിസള്‍ട്ട് ഉറപ്പാണ്....

കൈതമുള്ളേച്ചാ...പരീക്ഷണം ഞങള്‍ പാവം ബാച്ചികളുടെ നെഞ്ചത്ത് തന്നെ വേണോല്ലേ....

തറവാടി said...

ന്റെ അഞ്ചല്‍‌ക്കാരാ ,

ങ്ങളല്ലാതെ ഓള്‍ടെ വാക്ക് കേട്ട് ഓരോന്നിനു പുറപ്പെടുമോ?

ഓ:ടോ: ഞങ്ങള്‍‌ പണ്ടൊക്കെ ഉണ്ടാക്കുമായിരുന്നു , വളരെ നല്ല താണുതാനും‌ :)
ഒരു ദിവസം‌ വരൂ ഉണ്ടാകിത്തരാ‍ം :)

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso. (If you speak English can see the version in English of the Camiseta Personalizada. If he will be possible add my blog in your blogroll I thankful, bye friend).