എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Saturday, June 16, 2007

ബാച്ചികള്‍ അടുക്കളയില്‍ -1: മോര് കറി

ഫ്രിഡ്ജ് തുറന്നു നോക്കുക.
തൈരുണ്ടോ- ഉണ്ട്.
ഉള്ളി, തക്കാളി, പച്ചമുളക്- കാണാതിരിക്കില്ല.

ചട്ടി (അതന്നെ മതി) സ്റ്റൌവിന്മേല്‍ കേറ്റുക. കത്തിക്കുക. ഇത്തിരി ഓയില്‍ (ബട്ടര്‍, നെയ്യ്, വെളിച്ചെണ്ണ) ഒഴിക്കുക. ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ കടുകിടുക. പൊട്ടിത്തീരുമ്പോഴേക്കും ഒരു സവാളയും രണ്ട് പച്ചമുളകും അരിയുക, ചേര്‍ക്കുക. കൈയെത്തും ദൂരത്ത് വെളുത്തുള്ളിയുണ്ടെങ്കില്‍ ഒരെണ്ണം ചതച്ചിടാം.

ഇളക്കുക. അല്പം (ബാച്ചികള്‍ അളവുകള്‍ക്കതീതരാണല്ലോ) മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. തുമ്മാന്‍ വരുമ്പോള്‍ മൂക്ക് പൊത്ത്ത്തീപ്പിടിച്ച്, ഇച്ചിരി ഉലുവപ്പൊടി, കായപ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത് ഒരു തക്കാളി കുരുകുരാ അരിഞതും കൂട്ടി നന്നായി മൂപ്പിക്കുക. കറിവേപ്പിലയുണ്ടെങ്കില്‍ കുറച്ചെടുത്ത് കണ്ണടച്ച് ജപിച്ചിടുക.

ഒരു കപ്പ് തൈര് ഉടച്ച് ചേര്‍ത്ത്, ഇളക്കി, തീയണച്ച് ഊണുമേശക്കരികിലെക്കെടുക്കുക. ചോറ് കൂട്ടി തീരും വരെ (ചോറും കറിയും) തട്ടുക.

കുറിപ്പുകള്‍:

-സവാളയില്ലേല്‍ ചെറിയ ഉള്ളി.
-തക്കാളിയെല്ലെങ്കില്‍ ചേര്‍ക്കണ്ടാ, കറിയില്ലാതെ പറ്റില്ലല്ലോ?
-സമയവും ക്ഷമയുമുണ്ടെങ്കില്‍ ചേന, പച്ചക്കായ, ഇളവന്‍ ഇതിലേതെങ്കിലും മുറിച്ച് അല്പം വെള്ളത്തില്‍ മഞ്ഞളും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് ചേര്‍ത്താല്‍ കറി ഉഗ്രന്‍, ഉഗ്രോഗ്രന്‍! (ഇപ്പണി തലേന്ന് ചെയ്ത് വയ്ക്കാലോ?)

-അഞ്ചേ അഞ്ച് മിനിറ്റ്!

9 comments:

Kaithamullu said...

ചൂട് ദിനമ്പ്രതി കൂടിക്കൊണ്ടിരിക്കുന്നു. കൂടെ ബാച്ചികളുടെ അസ്വസ്ഥതകളും!

ഭാര്യേം പിള്ളാരേം നാട്ടിലേക്ക് കേറ്റി വിട്ട് വിവാഹിതക്ലബ് മെംബര്‍മാരും ബാച്ചികളായി വിലസുന്ന കാലം.

അടുക്കള കാണുമ്പോഴേ പരവേശപ്പെടുന്നവരേ, ഇതിലേ, ഇതിലേ...

ഹോട്ടലുകാര്‍ക്ക് കാശ് കോടുത്ത് മാറാവ്യാധികള്‍ വിലയ്ക്ക് വാങ്ങാതെ ചില സൂത്രപ്പണികളിലൂടെ വിശപ്പു മാറ്റാനുള്ള വിദ്യകള്‍....

ഏറനാടന്‍ said...

ഏട്ടാ.. :) ഹ ഹ.. മോരുകറി ഒക്കെ ഇവിടെകൊടുത്തപോലെ തയ്യാറാക്കി. ഒടുവില്‍ നാക്കില്‍ വെച്ചുനോക്കുമ്പം.... ഉപ്പില്ല! പലചരക്കുകടയല്ലേ? ഉപ്പുണ്ടോ? ഇത്തിരി ഒരു പൊതിയാക്കി തരാമോ, പറ്റില്‍ എഴുതിക്കോളൂ,..

asdfasdf asfdasdf said...

അങ്ങനെ എന്തൊക്കെ പരീക്ക്ഷണങ്ങള്‍ അല്ലേ..

Kaithamullu said...

ഇച്ചിരി ഉലുവപ്പൊടി, കായപ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത്......

എന്താ,ഏറനാടാ, ശരിക്കും കണ്ണട വച്ച് വായിക്കൂന്നേ...

ബിന്ദു said...

നല്ല ചൂടായ ചട്ടിയിലേക്കു തൈരൊഴിച്ചാല്‍ തൈരു പിരിയും രണ്ടു തരം. :) അതുകൊണ്ട്‌ ഒരു അഞ്ചുമിനിട്ടെങ്കിലും കഴിഞ്ഞിട്ട്‌ ഒഴിച്ചാല്‍ മതിട്ടോ.
qw_er_ty

പ്രിയംവദ-priyamvada said...

ഞാന്‍ ഉണ്ടാകുന്ന നുണക്കറികളുടെ ആശയം ഇതുതന്നെ ,രീതി അല്‍പം വ്യത്യസ്തം.ചീര , വെണ്ടക്ക, പാവക്ക, ബീറ്റ്‌റൂട്ട്‌ ഒക്കെ ഇതു പോലെ ചെയ്യാം.

കുനുകുനെ അരിഞ്ഞ vegetable of the day ഇഞ്ചി,പച്ചമുളകു,ചെറിയ ഉള്ളി,ഒക്കെ ചേര്‍ത്തു നന്നായി വഴറ്റിയിട്ടു വിളമ്പുന്ന പാത്രത്തില്‍ വച്ചിരികുന്ന തൈരിലേക്കു ചെറിയ ചൂടോടെ തട്ടും.. ബീറ്റ്‌റൂട്ട്‌ ആണെങ്കില്‍ ഉള്ളി ചേര്‍ക്കാതെ ഉലുവ താളിക്കും

Kaithamullu said...

ബിന്ദൂ,
5 മിനിറ്റ് കൊണ്ട് തട്ടിക്കൂട്ടി ചോറ് വയറ്റിലാക്കി ഒന്ന് നടു നിവര്‍ത്ത് വീണ്ടും സൈറ്റിലേക്ക്/ഡെസ്കിലേക്ക് ഓടുന്നവര്‍ക്കാ ഈ വിധികള്‍ എല്ലാം.
-ബിന്ദു പറഞ്ഞതിനോട് യോജിക്കുന്നു.

പ്രിയംവദേ,
എന്റെ ഭാര്യയുടെ ‘ഫെവറിറ്റ്’ ആണ് വെണ്ടക്ക തൈര്. നന്ദി!

myexperimentsandme said...

കയിതമുല്ലേ, പറഞ്ഞതുപോലെ തന്നെ മോരുകറി ഉണ്ടാക്കി-കായപ്പൊടി മാത്രമില്ലായിരുന്നു. സംഗതി ഗംഭീരം. ഇന്ന് കോവയ്ക്കാ മെഴുക്കുപുരട്ടിയുമുണ്ടാകി. ഇനി ഇത് രണ്ടും കൂട്ടിയൊരു ഊണുണ്ട്.

നന്ദ്രി നന്ദ്രി :)

Kaithamullu said...

വക്കാരിസാന്‍,
കയിത മുല്ലയാകാകുന്നു?
ഗംഭീരമായെന്നറിഞ്ഞതില്‍ സന്തോഷം.
മനസ്സിലുണ്ടെങ്കില്‍ ഏതു കലത്തിലും കാണും എന്നാ മുത്തശ്ശി പറയാറ്!
-നന്ദി.